ജല അതോറിറ്റി വിതരണം ചെയ്യുന്നത് മലിനജലം

പെരുവന പുതുവൽ പമ്പ്ഹൗസ്
കാർത്തികപ്പള്ളി
ആറാട്ടുപുഴ കിഴക്കേക്കര അഞ്ചാം വാർഡിലും കണ്ടല്ലൂർ പഞ്ചായത്തിന്റെ പ്രദേശങ്ങളിലും ജല അതോറിറ്റി വിതരണംചെയ്യുന്നത് മലിനജലമെന്ന് പരാതി. കുറേ നാളുകളായി ചെളികലർന്ന വെള്ളമാണ് ഇവിടങ്ങളിൽ ലഭിക്കുന്നത്. പൈപ്പ് ജലത്തെ മാത്രം ആശ്രയിക്കുന്ന പ്രദേശവാസികൾ ഇതുമൂലം കടുത്ത ദുരിതത്തിലാണ്. പലരും ദൂരസ്ഥലങ്ങളിൽ പോയാണ് ശുദ്ധജലം ശേഖരിക്കുന്നത്. പെരുവന പുതുവൽ പമ്പ്ഹൗസിൽനിന്നാണ് പ്രദേശത്ത് പ്രധാനമായും കുടിവെള്ളവിതരണം നടത്തുന്നത്. പ്രശ്‌നപരിഹാരത്തിന് ജല അതോറിറ്റി ഓഫീസിൽ നേരിട്ടെത്തി പലതവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. കുടിവെള്ളപ്രശ്‌നം പരിഹരിക്കണമെന്നും അതുവരെ സമീപപ്രദേശത്തെ പമ്പ്ഹൗസുകളിൽനിന്ന് ജലവിതരണത്തിന് നടപടി സ്വീകരിക്കണമെന്നും പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കിൽ സമരം ആരംഭിക്കുമെന്നും നാട്ടുകാർ പറയുന്നു.










0 comments