ആശാ വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം നാളെമുതൽ

പാലക്കാട്
കേരള സ്റ്റേറ്റ് ആശാ വർക്കേഴ്‌സ് ഫെഡറേഷൻ(സിഐടിയു) സംസ്ഥാന സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ പാലക്കാട് നടക്കും. ശനി രാവിലെ 10ന് അഞ്ചുവിളക്ക് പരിസരത്തുനിന്ന് തുടങ്ങുന്ന പ്രകടനം പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ സമാപിക്കും. തുടർന്ന് ആനത്തലവട്ടം ആനന്ദൻ നഗറിൽ(സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരം) പൊതുസമ്മേളനം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി എ ആർ സിന്ധു ഉദ്ഘാടനം ചെയ്യും. പകൽ മൂന്നിന് എൽ ഇന്ദിര നഗറിൽ(എൻജിഒ യൂണിയൻ ഹാൾ) പ്രതിനിധി സമ്മേളനം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിൽനിന്നായി 403 പ്രതിനിധികൾ പങ്കെടുക്കും. ഓണറേറിയം 21,000 രൂപയാക്കുമെന്ന് പറഞ്ഞ യുഡിഎഫ് അധികാരം കിട്ടിയപ്പോൾ 3,000 രൂപ മാത്രമാണ് വർധിപ്പിച്ചത്. ബജറ്റിലും തുക വർധിപ്പിച്ചില്ല. 1,000 രൂപയിൽനിന്ന് 9,000 രൂപയായി ഓണറേറിയം വർധിപ്പിച്ചത് തുടർച്ചയായ പിണറായി സർക്കാരുകളാണ്. യുഡിഎഫ് സർക്കാർ രാഷ്ട്രീയം നോക്കി ഉപദ്രവിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ രാഷ്‌ട്രീയ തീരുമാനപ്രകാരം ആശമാരെ മാറ്റുകയാണ്. തൊഴിലാളി പ്രക്ഷോഭത്തിൽ പങ്കെടുത്ത ആശമാരെ സസ്പെൻഡ് ചെയ്യുന്ന നടപടി കോഴിക്കോട് പേരാമ്പ്ര പഞ്ചായത്തിലുണ്ടായി. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി പി പി പ്രേമ, ജില്ലാ പ്രസിഡന്റ് കെ അജിത, ജില്ലാ സെക്രട്ടറി കെ രമണി, സംഘാടകസമിതി ചെയർമാൻ ടി കെ നൗഷാദ് എന്നിവർ പങ്കെടുത്തു.










0 comments