അരിയൂർ ബാങ്ക് തട്ടിപ്പ്
കോടികൾ വെട്ടിച്ച ലീഗ് നേതാക്കളെ പുറത്താക്കണമെന്ന് കെഎംസിസി

പ്രത്യേക ലേഖകൻ
Published on Sep 13, 2025, 12:45 AM | 1 min read
പാലക്കാട്
മണ്ണാർക്കാട് അരിയൂർ സർവീസ് സഹകരണ ബാങ്കിൽനിന്ന് കോടികൾ വായ്‌പയെടുത്ത് തട്ടിപ്പ് നടത്തിയ മുസ്ലിംലീഗ് നേതാക്കളെ പാർടിയിൽനിന്ന് പുറത്താക്കണമെന്ന് യുഎഇ മണ്ണാർക്കാട് കെഎംസിസി അംഗങ്ങൾ ലീഗ് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. പാർടിയുടെ വിവിധ സ്ഥാനങ്ങളിൽ ഇപ്പോഴും തുടരുന്നവർ സ്വന്തം പേരിലും ബിനാമി പേരുകളിലും എടുത്ത വായ്‌പകൾ തരിച്ചടച്ചാൽതന്നെ ബാങ്കിന്റെ പ്രതിസന്ധി തീരും. അതിന് നേതൃത്വം ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ്‌തങ്ങൾക്ക് പരാതി നൽകിയത്. വായ്‌പ തട്ടിപ്പ് നടന്ന ബാങ്കിൽനിന്ന് പണം പിൻവലിക്കാൻ കഴിയാത്തത്തും 101 അംഗങ്ങൾ ഒപ്പിട്ട പരാതിയിൽ ചൂണ്ടിക്കാട്ടി. വായ്‌പ തട്ടിപ്പിലൂടെ കൈക്കലാക്കിയ കോടികൾ ലീഗ് ജില്ലാ സെക്രട്ടറിയും മുൻ ബാങ്ക് പ്രസിഡന്റുമായ ടി എ സിദ്ധീഖ് റിയൽ എസ്റ്റേറ്റ് കച്ചവടത്തിൽ നിക്ഷേപിച്ചു. ജില്ലാ പഞ്ചായത്തംഗവും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുമായ ഗഫൂർ കോൽക്കളത്തിൽ, ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കല്ലടി അബൂബക്കർ, നിലവിലെ ബാങ്ക് പ്രസിഡന്റ് ഹസൻ പാറശേരി, ബാങ്ക് മുൻ സെക്രട്ടറി മൊയ്‌തീൻ അരിയൂർ, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തംഗവും യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റുമായ പടുവിൽ കുഞ്ഞിമുഹമ്മദ് (മാനു), ലീഗ് മണ്ണാർക്കാട് മണ്ഡലം സെക്രട്ടറി റഷീദ് മുത്തനിൽ തുടങ്ങിയവരാണ് വായ്‌പ തട്ടിപ്പ് നടത്തിയതെന്നും പരാതിയിൽ പറഞ്ഞു. വായ്‌പ തിരിച്ചടവ് മുടങ്ങി ബാങ്ക് സാന്പത്തിക പ്രതിസിന്ധിയിലായതോടെ ലീഗ് ജില്ലാ നേതൃത്വത്തിന് നിരവധി തവണ പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനാലാണ് സംസ്ഥാന നേതൃത്വത്തെ സമീപിച്ചത്.









0 comments