ad
Deshabhimani

കറുമുറെ തിന്നാം, 
കരിപ്പോട് അരിമുറുക്ക്

കരിപ്പോട് തറയിലെ അനന്തനാരായണനും ഭാര്യ ശാന്തിയും 
അരിമുറുക്ക് പായ്ക്ക് ചെയ്യുന്നു

കരിപ്പോട് തറയിലെ അനന്തനാരായണനും ഭാര്യ ശാന്തിയും 
അരിമുറുക്ക് പായ്ക്ക് ചെയ്യുന്നു

avatar
എ തുളസീദാസ്‌

Published on Jun 04, 2026, 01:25 AM | 1 min read

​കൊല്ലങ്കോട്

പാലക്കാടൻ ഗ്രാമീണ പലഹാരമായ അരിമുറുക്കിന്‌ പ്രശസ്തമാണ് കരിപ്പോട്. അഥവാ അരിമുറുക്കിലൂടെ പ്രശസ്തമാണ് കരിപ്പോട് തറ. കരിപ്പോട് തറയിലെ തരക സമുദായക്കാരുടെ പരമ്പരാഗത തൊഴിലാണ് അരിമുറുക്ക് ഉൽപ്പാദനവും വിപണനവും. പ്രദേശത്തെ 300 കുടുംബം അരിമുറുക്ക് ഉണ്ടാക്കുന്നു. പരമ്പരാഗത കുലത്തൊഴിലായതിനാൽ കുടുംബത്തിലെ എല്ലാവരും ബാല്യം മുതൽ മുറുക്ക് നിർമാണത്തിൽ പങ്കാളികളാകും. അതിനാൽ പരമ്പരാഗത രുചിയും ഗുണനിലവാരവും ഉറപ്പാണ്‌. നിലവാരമുള്ള പച്ചരി വെള്ളത്തിൽ കുതിർത്ത് നിശ്ചിത അരവിൽ അരച്ചെടുക്കുന്നു. ഇത്‌ ഉഴുന്നുപരിപ്പ് വറുത്തുപൊടിച്ചത്‌, എള്ള്, ജീരകം, ഓമം എന്നിവചേർത്ത് കുഴച്ചെടുക്കുന്നു. വിലകൂടിയ മുറുക്കിൽ മാത്രം ഈ ചേരുവയ്‌ക്കൊപ്പം വെണ്ണയും ചേർക്കുന്നു. നിശ്ചിത ഈർപ്പത്തിൽ മാവ് കുഴച്ചശേഷം കൈ കൊണ്ട് മുറുക്ക് ചുറ്റിയെടുക്കും. അൽപ്പസമയത്തിനകം വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്നു. ഇങ്ങനെയാണ്‌ മുറുക്കുണ്ടാക്കുന്നത്‌. പുളിവിറക്‌ കത്തിക്കുന്ന അടുപ്പാണ് ഉപയോഗിക്കുന്നത്. നിശ്ചിത സമയംകൊണ്ട്‌ വറുത്ത് മാറ്റി മുറുക്കിന്റെ ആകൃതി, ഗുണനിലവാരം എന്നിവ പരിശോധിച്ച് 10 എണ്ണത്തിന്റെ പാക്കറ്റുകളിലാക്കും. ഒരു പാക്കറ്റിന് വലുപ്പത്തിനനുസരിച്ച് 50 രൂപ മുതൽ 100 രൂപവരെ വിലവരും. കടകൾ, ബേക്കറികൾ എന്നിവിടങ്ങളിലെത്തിച്ചും നേരിട്ടും ഓഡർ എടുത്തുമാണ് വിപണനം. അഞ്ചുപേർ ചേർന്നാൽ ദിവസേന 1500 മുതൽ 2000 വരെ മുറുക്ക് ഉണ്ടാക്കാം. ഉൽപ്പാദനം, കൂലി ചെലവുകൾ കഴിഞ്ഞാൽ 4000 രൂപവരെ മിച്ചം കിട്ടും. കരിപ്പോട് തറയിലെ കെ അനന്തനാരായണനും അമ്മ കാവേരി തരകത്യാരും ഭാര്യ ശാന്തിയും വർഷങ്ങളായി അരിമുറുക്ക് ഉണ്ടാക്കുന്നുണ്ട്‌. സഹായികളായി അയൽവാസികളായ വീട്ടമ്മമാരും എത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home