ഏക ട്രൈബൽ താലൂക്കിൽ സപ്ലൈ ഓഫീസ് തുറക്കുന്നു
അന്ന’സുരക്ഷയിൽ അട്ടപ്പാടി


അഖില ബാലകൃഷ്‌ണൻ
Published on Oct 17, 2025, 12:00 AM | 1 min read
‘പാലക്കാട്
കേരളത്തിലെ ഏക ട്രൈബൽ താലൂക്കായ അട്ടപ്പാടിയിൽ പുതിയ സപ്ലൈ ഓഫീസ് വെള്ളിയാഴ്‌ച തുറക്കും. 35,000ലേറെ ഗോത്രജനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവയ്‌പ്പാണിത്. റേഷൻ സംബന്ധമായ ആവശ്യങ്ങൾക്ക് മണ്ണാർക്കാടുവരെ സഞ്ചരിക്കേണ്ടിവന്ന അട്ടപ്പാടി ജനതയുടെ ദുരിതത്തിനും പരിഹാരമായി. ജൂലൈയിൽ മന്ത്രിസഭാ യോഗത്തിലാണ് താലൂക്കിൽ സപ്ലൈ ഓഫീസിന് അന്തിമരൂപമായത്. സപ്ലൈ ഓഫീസർ, അസി. താലൂക്ക് സപ്ലൈ ഓഫീസർ, റേഷനിങ് ഇൻസ്‌പെക്ടർ തസ്തികകൾ സൃഷ്ടിക്കാനും മറ്റ് ജീവനക്കാരെ പൊതുവിതരണ വകുപ്പിൽനിന്ന് പുനർവിന്യസിക്കാനും തീരുമാനിച്ചു. 2021ലാണ് അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്തുകൾ ചേർത്ത് കേരളത്തിലെ ആദ്യ ട്രൈബൽ താലൂക്കായി അട്ടപ്പാടിയെ പ്രഖ്യാപിക്കുന്നത്. താലൂക്ക് ഓഫീസ്, ഭൂരേഖ ഓഫീസ്, എക്‌സൈസ് ഓഫീസ്, പട്ടികവർഗ ക്ഷേമ വകുപ്പിന്റെ വിവിധ ഓഫീസുകൾ, സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങിയവ താലൂക്കിൽ പ്രവർത്തിക്കുന്നുണ്ട്. റേഷൻ വിതരണത്തിന് ദൂരം കുറയും മണ്ണാർക്കാട് സപ്ലൈ ഓഫീസ് വഴിയാണ് അട്ടപ്പാടിയിൽ റേഷൻവിതരണം നടത്തിയിരുന്നത്. ഇവിടെനിന്ന് അട്ടപ്പാടി താലൂക്കിലെ ആദ്യ റേഷൻകടയിലേക്ക് 20 കിലോമീറ്ററും അവസാന റേഷൻകടയിലേക്ക് 90 കിലോമീറ്ററും ദൂരമുണ്ട്. മിക്ക റേഷൻകടകളും പ്രധാന റോഡിൽനിന്ന് മാറി 50 കിലോമീറ്റർവരെ ദൂരത്തിലാണ്. 48 റേഷൻകടകളാണ് മൂന്ന് പഞ്ചായത്തിലായുള്ളത്. ഇതിനാൽ, അട്ടപ്പാടിയിലെ മുഴുവൻ റേഷൻകടകളിലെയും വിതരണം ഏകോപിപ്പിക്കാൻ ഒരു റേഷനിങ് ഉദ്യോഗസ്ഥന്റെ സേവനം അപര്യാപ്തമായിരുന്നു. 68,602 ഗുണഭോക്താക്കൾ അട്ടപ്പാടിയിൽ വിതരണം ചെയ്തിട്ടുള്ള റേഷൻകാർഡുകളുടെ അടിസ്ഥാനത്തിലുള്ള ജനസംഖ്യ 68,602 ആണ്. ഇതിൽ, 33,361 പേർ ഗോത്രവിഭാഗക്കാരാണ്. കുറുമ്പ, ഇരുള, മുദുഗ എന്നിവരാണ് മേഖലയിലെ പ്രധാന പട്ടികവർഗ സമൂഹങ്ങൾ. അട്ടപ്പാടിയുടെ കേന്ദ്രമായി കണക്കാക്കുന്ന അഗളി ടൗണിൽനിന്ന് 40 കിലോമീറ്റർ അകലെയാണ് ഇവരുടെ ഉന്നതികൾ. 193 ഉന്നതികളിൽ പലതും ഉൾവനങ്ങളിലും ഗതാഗതസൗകര്യങ്ങൾ കുറഞ്ഞ മേഖലകളിലുമാണ്. കൃഷി, കൂലിപ്പണി ഉപജീവനമാർഗമായ ജനതയുടെ പ്രധാന ആശ്രയം റേഷൻ സംവിധാനമാണ്. റേഷൻ വിതരണത്തിന് പ്രത്യേക പരിഗണന ആവശ്യമാണെന്ന് സംസ്ഥാന സർക്കാർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.









0 comments