ഇൻസന്റീവിന് പുറമേ ശമ്പളവുമില്ല
അങ്കണവാടി ജീവനക്കാരെ ദുരിതത്തിലാക്കി കേന്ദ്രം


അഖില ബാലകൃഷ്ണൻ
Published on May 31, 2026, 12:01 AM | 1 min read
പാലക്കാട്
ഇൻസന്റീവിനുപുറമെ ഓണറേറിയവും വിഹിതവും നൽകാതെ അങ്കണവാടി ജീവനക്കാരെ ദുരിതത്തിലാക്കി കേന്ദ്രസർക്കാർ. ഏപ്രിലിലെ വിഹിതം ഒരുമാസം കഴിഞ്ഞിട്ടും നൽകിയില്ല. കുറച്ചുമാസങ്ങളായി കേന്ദ്രവിഹിതം വൈകുന്ന പതിവുണ്ടെങ്കിലും ഇത്രയും കാലതാമസം ആദ്യമാണെന്ന് ജീവനക്കാർ പറയുന്നു. ഇതിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് അവർ. സംസ്ഥാനത്ത് 33,120 അങ്കണവാടികളിലായി 66,240 ജീവനക്കാരുണ്ട്. വർക്കർമാരുടെ ഓണറേറിയമായ 15,000 രൂപയിൽ 4500 ഉം ഹെൽപ്പർമാർക്കുള്ള 10,500 രൂപയിൽ 2250 രൂപയുമാണ് കേന്ദ്രവിഹിതം. വർക്കർക്കുള്ള കേന്ദ്രവിഹിതം 4,500 ആണെങ്കിലും 2,700 രൂപയേ ലഭിക്കുന്നുള്ളൂ. ഹെൽപ്പർക്ക് 2,250 രൂപയുടെ 60 ശതമാനമായ 1350 രൂപയാണ് നിലവിൽ കേന്ദ്രം നൽകുന്നത്. സംസ്ഥാനസർക്കാർ വിഹിതം യഥാക്രമം 7800 രൂപയും 6300 രൂപയുമാണ്. പഞ്ചായത്തുകൾ വർക്കർമാർക്ക് 2200 രൂപയും ഹെൽപ്പർമാർക്ക് 1450 രൂപയും നൽകുന്നുണ്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് വർക്കർമാർക്ക് 1,000 രൂപയും ഹെൽപ്പർമാർക്ക് 500 രൂപയും വർധിപ്പിച്ചത്. സാങ്കേതിക പരിഷ്കാരങ്ങളുടെ പേരിലാണ് കേന്ദ്രം വിഹിതം വൈകിപ്പിക്കുന്നത്. കേന്ദ്ര പദ്ധതികളുടെ തുക കൈമാറാനായി ഏർപ്പെടുത്തിയ സിംഗിൾ നോഡൽ ഏജൻസി സംവിധാനത്തിലെ സാങ്കേതിക പൊരുത്തക്കേടുകളാണ് പ്രധാന കാരണം. പണം അനുവദിക്കാനുള്ള ബില്ലുകൾ പൂർണമായും ഡിജിറ്റലൈസ് (പിഎഫ്എംഎസ്) ചെയ്തതോടെ സംസ്ഥാനങ്ങൾ സമർപ്പിക്കുന്ന ഫയലുകളിലെ ചെറിയ വ്യത്യാസങ്ങൾ പോലും സോഫ്റ്റ്‌വെയർ നിരസിക്കുകയാണ്. ഇത് തിരുത്തി വീണ്ടും സമർപ്പിക്കുന്നതിനും കാലതാമസമുണ്ട്. ഇതിനുപുറമേ, ഡിജിറ്റലൈസേഷന്റെ ഭാഗമായി അങ്കണവാടി ജീവനക്കാർക്ക് കേന്ദ്രസർക്കാർ 64 മാസത്തെ ഇൻസന്റീവും നൽകാനുണ്ട്. പദ്ധതിക്ക് ഇൻസന്റീവ് പ്രഖ്യാപിച്ച് 88 മാസം കഴിയുമ്പോൾ കൊടുത്തത് 24 മാസത്തെ തുക മാത്രമാണ്. വർക്കർക്ക് 500 രൂപയും ഹെൽപ്പർക്ക് 250 രൂപയുമാണ് ഡിജിറ്റലൈസേഷൻ ഇൻസന്റീവ്. 2,48,40,000 രൂപയാണ് ആകെ ഇൻസന്റീവ് കുടിശ്ശിക. വർക്കർമാർക്ക് 1,65,60,000 രൂപയും ഹെൽപ്പർമാർക്ക് 82,80,000 രൂപയും വിതരണം ചെയ്യാനുണ്ട്. ഇതുപ്രകാരം ഒരു വർക്കർക്ക് 32,000 രൂപയും ഹെൽപ്പർക്ക് 16,000 രൂപ വീതവും ലഭിക്കാനുണ്ട്.










0 comments