കെഎസ്‌ആർടിസി
സ്‌പെയർ പാർട്‌സ് വാങ്ങുന്നതിൽ അഴിമതിയെന്ന് ആരോപണം

നിഖിൽ രവീന്ദ്രൻ
പാലക്കാട്
കെഎസ്‌ആർടിസിയിൽ സ്‌പെയർ പാർട്‌സുകളുടെ പ്രാദേശിക വാങ്ങലിൽ ക്രമക്കേടെന്ന് ആരോപണം. ഗുണനിലവാരമുള്ള സ്‌പെയർ പാർട്‌സുകൾ വിതരണം ചെയ്യുന്ന തൊടുപുഴയിലെ ബസ് ഓണേഴ്‌സ് കോ-–ഓപ്പറേറ്റീവ് സൊസൈറ്റിയെ ഒഴിവാക്കി, നിലവാരം കുറഞ്ഞ സാധനങ്ങൾ വിതരണം ചെയ്യുന്ന പാലക്കാട് കൽമണ്ഡപത്തെ സ്വകാര്യ സ്ഥാപനത്തിൽനിന്ന് വാങ്ങുന്നതായാണ് ആരോപണം. സാധനങ്ങൾക്ക് വിപണിവിലയുടെ രണ്ടും മൂന്നും ഇരട്ടി വരെ ഈടാക്കുന്നതായും ആരോപണമുണ്ട്. പാലക്കാട് ഡിപ്പോയിൽ ജോലി ചെയ്തിരുന്ന കാലത്ത് ഡീസൽ അഴിമതിക്കേസിൽ അന്വേഷണം നേരിട്ട ഉദ്യോഗസ്ഥൻ എടപ്പാൾ റീജണൽ വർക്‌ഷോപ്പിന്റെ ചുമതലയിലെത്തിയതോടെയാണ് സഹകരണ സ്ഥാപനത്തെ ഒഴിവാക്കിയത്. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലെ 14 ഡിപ്പോകൾ എടപ്പാൾ റീജണൽ വർക്‌ഷോപ്പിന്റെ പരിധിയിലാണ്. ഈ ഡിപ്പോകളിലേക്ക് സ്‌പെയർ പാർട്‌സുകൾ പാലക്കാട്ടെ സ്വകാര്യ സ്ഥാപനത്തിൽനിന്ന് വാങ്ങാൻ ഉദ്യോഗസ്ഥൻ നിർദേശം നൽകുകയായിരുന്നു. സെൻട്രൽ പർച്ചേസിൽ ഉൾപ്പെടാത്ത ആയിരം രൂപയിൽ താഴെ വിലയുള്ള സ്‌പെയർ പാർട്‌സുകളാണ് ഡിപ്പോകൾ പ്രാദേശികമായി വാങ്ങുന്നത്. തൊടുപുഴയിലെ സഹകരണ സ്ഥാപനത്തിൽ ഓർഡർ നൽകി പാർസലായി സാധനങ്ങൾ എത്തിക്കുന്നതായിരുന്നു പതിവ്. ഇപ്പോൾ പാലക്കാട്ടെ സ്വകാര്യ സ്ഥാപനത്തിൽനിന്ന് മെയിന്റനൻസ് വാനിലാണ് സാധനങ്ങൾ എത്തിക്കുന്നത്. ഒരു ബസിന് 500 രൂപ നിരക്കിലാണ് ലോക്കൽ പർച്ചേസിന് തുക അനുവദിക്കുന്നത്. ഈ കണക്കിൽ 150-ഓളം ബസുകളുള്ള പാലക്കാട് ഡിപ്പോയ്ക്ക് സാധാരണ അനുവദിക്കുന്നത് 75,000 രൂപയാണ്. എന്നാൽ, വിലകൂട്ടിയുള്ള വ്യാജ ബില്ലുകളിലൂടെ തട്ടിപ്പ് നടത്തിയതിന്റെ ഭാഗമായി സ്വകാര്യ സ്ഥാപനത്തിന് രണ്ട് ലക്ഷത്തിലധികം രൂപ നിലവിൽ കടമുണ്ട്. ഇതിലേക്ക് മാസംതോറും 25,000 രൂപയോളം നൽകുന്നുമുണ്ട്. ഷാക്കിൾ പിൻ, ഓയിൽ സീൽ, മൗണ്ടിങ് പാഡ് തുടങ്ങിയവയാണ് പ്രധാനമായും പ്രാദേശികമായി വാങ്ങുന്ന സ്‌പെയർ പാർട്‌സുകൾ. യാത്രക്കാരുടെ അമിതഭാരം കാരണം പ്രിയദർശിനി ഓർഡിനറി ബസുകളുടെ സ്പ്രിങ് ബ്രാക്കറ്റ്, സ്പ്രിങ് സെറ്റ്, സ്ലാക്ക് അഡ്ജസ്റ്റർ എന്നിവ പതിവായി തകരാറിലാകുന്നുണ്ട്. ആവശ്യത്തിന് എൻജിൻ ഓയിൽ ലഭിക്കാത്തതിനാൽ ഓയിൽ മാറ്റേണ്ട സമയപരിധി കഴിഞ്ഞിട്ടും പല ബസുകളും സർവീസ് നടത്തുന്നതായും പരാതിയുണ്ട്.
ഡീസൽ ക്ഷാമം രൂക്ഷം
തൃശൂർ, വടക്കഞ്ചേരി ഡിപ്പോകളിലെ പന്പുകൾ അടച്ചു
പാലക്കാട് സാന്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കെഎസ്‌ആർടിസിയിൽ കടുത്ത ഡീസൽ ക്ഷാമം. തൃശൂർ, വടക്കഞ്ചേരി ഡിപ്പോകളിലെ പന്പുകളിൽ ഡീസൽ തീർന്നു. വടക്കഞ്ചേരിയിൽ മൂന്ന് ദിവസമായി ഇന്ധനമില്ല. ഇതോടെ തൃശൂരിൽനിന്നാണ് ബസുകൾ ഡീസൽ നിറച്ചത്. തൃശൂരിലും ക്ഷാമം നേരിട്ടതോടെ ചില സർവീസുകൾ വെട്ടിക്കുറച്ചു. ഇന്ധനം ബാക്കിയുള്ള ബസുകൾ പകരം മാറ്റിയുമാണ് സർവീസ് നടത്തിയത്. തൃശൂരിൽനിന്ന് പാലക്കാട്ടേക്ക് സർവീസ് നടത്തുന്ന ബസുകൾ പാലക്കാട്ടുനിന്നാണ് ഡീസൽ നിറയ്‌ക്കുന്നത്. ഡിപ്പോയിൽ പന്പ് ഇല്ലാത്തതിനാൽ, സ്വകാര്യ പന്പിനെയാണ് പാലക്കാട് ഡിപ്പോ ആശ്രയിക്കുന്നത്. കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകൾ പെരിന്തൽമണ്ണയിൽനിന്നാണ് ഡീസൽ അടിച്ചത്. സാന്പത്തിക പ്രതിസന്ധിമൂലം എൻജിൻ ഓയിലിന് കടുത്തക്ഷാമം നേരിടുന്നതിന് പിന്നാലെയാണ് മിക്കയിടത്തും ഡീസലും തീർന്നത്. ഡിപ്പോകളിൽ ആവശ്യത്തിന് സ്‌പെയർ പാർട്‌സുകളില്ലാത്തതിനാൽ ദിവസേനയുള്ള അറ്റകുറ്റപ്പണിയും പലയിടത്തും മുടങ്ങി. അപകടത്തിൽപ്പെട്ട് കട്ടപ്പുറത്തായ ബസുകളുടെ ടയർ ഉപയോഗിച്ചാണ് ഓർഡിനറി ബസുകൾ സർവീസ് നടത്തുന്നത്.









0 comments