ad
Deshabhimani

അഖിലേന്ത്യാ പണിമുടക്ക്‌ 
ജില്ലയിൽ 
പൂർണം

തിളച്ചു രോഷം; നിശ്‍ചലം നിരത്തുകൾ

പാലക്കാട്‌ നഗരത്തിൽ നടന്ന സംയുക്ത ട്രേഡ് യൂണിയൻ പ്രകടനം
avatar
സ്വന്തം ലേഖകൻ

Published on Feb 13, 2026, 01:19 AM | 2 min read

പാലക്കാട്‌

പതിറ്റാണ്ടുകളായി നടത്തിയ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ ഇല്ലാതാക്കുന്ന കേന്ദ്ര ബിജെപി സർക്കാരിന്റെ ലേബർ കോഡുകൾക്കെതിരായ പണിമുടക്ക്‌ പൂർണം. 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക്‌ ജില്ലയിൽ സമാധാനപരമായിരുന്നു. കഞ്ചിക്കോട്‌ വ്യവസായ മേഖലിലെ 702 സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. സംഘടിത–അസംഘടിത മേഖലകളിലെ തൊഴിലാളികളും‍ സജീവമായി രംഗത്തിറങ്ങി. തൊഴിലുടമകളും പണിമുടക്കിൽ പങ്കെടുക്കാത്ത ബിഎംഎസിലെ തൊഴിലാളികളും സഹകരിച്ചു. സിവിൽ സ്‌റ്റേഷനിൽ കലക്ടറേറ്റ്‌, സബ്‌ രജിസ്‌ട്രാർ ഓഫീസ്‌, ജില്ലാ രജിസ്‌ട്രാർ ഓഫീസ്‌, പിഡബ്ല്യുഡി കോംപ്ലക്‌സ്‌, ജില്ലാ വ്യവസായ കേന്ദ്രം, ഡിഡിഇ ഓഫീസ്‌, ജെആർ ഓഫീസ്‌ തുടങ്ങി ബഹുഭൂരിപക്ഷം സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. അവശ്യ സർവീസുകൾ മാത്രമാണ്‌ പ്രവർത്തിച്ചത്‌. ഏഴ്‌ താലൂക്ക്‌ ഓഫീസുകളും പഞ്ചായത്തുകളും നിശ്‌ചലമായി. ഓട്ടോ–ട്രാൻസ്‌പോർട്ട്‌ മേഖലയും നിലച്ചു. കെഎസ്‌ആർടിസി, സ്വകാര്യ ബസുകൾ സർവീസ്‌ നടത്തിയില്ല. എൽഐസി ഓഫീസ്‌, ബാങ്കുകൾ, ബിഎസ്‌എൻഎൽ ഓഫീസ് എന്നിവിടങ്ങളിലെ ജീവനക്കാരും പണിമുടക്കിൽ അണിചേർന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. ട്രെയിനുകൾ സർവീസ്‌ നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. പണിമുടക്കിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ബാഡ്‌ജുകൾ ധരിച്ചാണ്‌ റെയിൽവേ ജീവനക്കാർ ജോലിക്കെത്തിയത്‌. നഗര–ഗ്രാമ പ്രദേശങ്ങളിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. പാലക്കാട്‌ നഗരത്തിൽ സംയുക്ത ട്രേഡ് യൂണിയൻ സമിതിയും സർവീസ് സംഘടനകളും മാധ്യമപ്രവർത്തകരും പ്രകടനം നടത്തി. സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽനിന്ന്‌ തുടങ്ങിയ പ്രകടനം സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത്‌ സമാപിച്ചു. പ്രതിഷേധയോഗം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ എ കെ ബാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ടി കെ നൗഷാദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം ഹംസ, പ്രസിഡന്റ്‌ പി എൻ മോഹനൻ, ട്രേഡ്‌ യൂണിയൻ നേതാക്കളായ എൻ എൻ കൃഷ്ണദാസ്, കെ കെ ദിവാകരൻ, വിജയൻ കുനിശേരി, എം എസ് സ്കറിയ, വി സരള, കെ മല്ലിക, എം ഹരിദാസ്, പി ഉണ്ണികൃഷ്ണൻ, കബീർ വെണ്ണക്കര, ആർ ശിവപ്രകാശ്, സർവീസ്‌ സംഘടനാ നേതാക്കളായ ആർ സാജൻ, കെ മഹേഷ്, കെ മുകുന്ദൻ, എം ആർ മഹേഷ്‌കുമാർ, കെ സന്തോഷ്‌കുമാർ, കെ അജില, സജി ഒ വർഗീസ്, കെ വിമൽ, എം ശ്രീനേഷ് എന്നിവർ സംസാരിച്ചു. കെ വേലു സ്വാഗതവും പി ജി രാംദാസ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home