അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ജില്ലാ മത്സരം നാളെ വിക്‌ടോറിയ കോളേജിൽ

അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ജില്ലാ മത്സരം നാളെ വിക്‌ടോറിയ കോളേജിൽ
സ്വന്തം ലേഖകൻ
പാലക്കാട്
വിജ്ഞാനത്തിന്റെ ആകാശങ്ങളിൽ പുത്തൻ താരോദയങ്ങൾക്ക് വഴിതുറക്കുന്ന ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസൺ 15ന്റെ ജില്ലാ മത്സരം ഞായറാഴ്‌ച പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ നടക്കും. രാവിലെ 10ന് വിനീത ഗാർഡനിൽ നടക്കുന്ന പരിപാടി സാഹിത്യകാരൻ വൈശാഖൻ ഉദ്‌ഘാടനം ചെയ്യും. സിപിഐ എം ജില്ലാ സെക്രട്ടറി വി ചെന്താമരാക്ഷൻ മുഖ്യാതിഥിയാകും. സമ്മാനവിതരണം പകൽ 12ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ബി രാജു നിർവഹിക്കും. അട്ടപ്പാടിയുൾപ്പെടെ 13 സബ്‌ജില്ലകളിലെ ഒന്നും രണ്ടും സ്ഥാനക്കാരാണ് ജില്ലാ മത്സരത്തിൽ പങ്കെടുക്കുക. ജില്ലയിലെ ഒന്നും രണ്ടും സ്ഥാനക്കാർക്ക് നവംബർ 15ന് നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാം. ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 10,000, 5000 രൂപ ക്യാഷ് അവാർഡും മെമന്റോ, സർട്ടിഫിക്കറ്റ് എന്നിവയും സമ്മാനിക്കും. സംസ്ഥാന വിജയികൾക്ക് ഒരു ലക്ഷം, അന്പതിനായിരം രൂപയുമാണ് സമ്മാനം. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായാണ് ക്വിസ് നടക്കുക. സബ് ജില്ലകളിൽ ഒന്നാംസ്ഥാനം നേടിയവരാണ് ജില്ലാ പ്രസംഗ മത്സരത്തിൽ പങ്കെടുക്കുക. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികളെ ഒറ്റവിഭാഗമായി കണക്കാക്കിയാണ് മത്സരം. ജില്ലാ പ്രസംഗ മത്സര വിജയികൾക്ക് യഥാക്രമം അയ്യായിരം, മൂവായിരം രൂപയും മെമന്റോ, സർട്ടിഫിക്കറ്റ് എന്നിവ സമ്മാനിക്കും. ഹൈസ്‌കൂൾ/ഹയർ സെക്കൻഡറി സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് ശാസ്‌ത്ര പാർലമെന്റിലും പങ്കെടുക്കാം. ആദ്യം രജിസ്‌റ്റർ ചെയ്യുന്ന 100 പേർക്കാണ് അവസരം. രജിസ്‌ട്രേഷൻ രാവിലെ എട്ടിന് ആരംഭിക്കും. ഫോൺ: 0491 2507700, 2507701. ധർമപ്രിയ ഫിനാൻസാണ് സഹപ്രായോജകർ.









0 comments