ad
Deshabhimani

കോടമഞ്ഞിന്‍ താഴ്‍വരയില്‍

അട്ടപ്പാടിയിലെ കൃഷിയിടങ്ങൾ

അട്ടപ്പാടിയിലെ കൃഷിയിടങ്ങൾ

avatar
അരുൺ എം സുനിൽ

Published on Aug 08, 2026, 01:10 AM | 2 min read

അഗളി

‘‘ങാഹാ... ഞമ്മടെ താമരശേരി ചുരം... ഒരിക്കലെ... ആ ചുരമിറങ്ങി വരുന്പോൾ ഇതിന്റെ ബ്രേക്ക്‌ അങ്ങുപോയി. അപ്പുറവും ഇപ്പുറവും ഭയങ്കര കുഴിയാണ്‌... അല്ല ഇറക്കമാണ്‌... പണ്ടാരമടക്കം ഇത് എന്ത് പിടിച്ചാലും അമര്‍ത്തിയാലും നില്‍ക്കുന്നില്ല! കടുംകൈ വെത്യാസത്തിന് സ്റ്റീയറിങ് ഒന്നു... ഒന്നു അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ മതി... ഞമ്മടെ എൻജിന്‍ താഴെ പൊടിഞ്ഞു കഷ്ണം... പടച്ചോനേ ഇങ്ങ്ളെ കാത്തോളീ എന്ന് ഒരു ഒറ്റ വിളിയാണ്‌.... ’’ വെള്ളാനകളുടെ നാട്‌ എന്ന സൂപ്പർ ഹിറ്റ്‌ സിനമയിലെ കുതിരവട്ടം പപ്പുവിന്റെ ഡയലോഗ്‌ ഒരിക്കലെങ്കിലും പറയാത്ത മലയാളികളില്ല. കോടമഞ്ഞു പുതച്ചുനിൽക്കുന്ന അട്ടപ്പാടി ചുരത്തിലെ വളഞ്ഞുതിരിഞ്ഞ റോഡ്‌ കയറുന്പോൾ പപ്പു ഉണ്ടായിരുന്നെങ്കിൽ പറഞ്ഞേനെ: ‘‘ഇത്‌ ചെറുത്‌...’’. അപ്പോൾ നമ്മൾ തിരുത്തും ‘‘പപ്പു ആശാനെ... നീളം കൊണ്ട്‌ ഇത്‌ ചെറുതെങ്കിലും അനുഭവം കൊണ്ട്‌ വലുതു തന്നെയാണ്‌.’’ മണ്ണാർക്കാട്‌ ഭാഗത്തെ ആനമൂളിയിൽ നിന്ന്‌ തുടങ്ങുന്ന ചുരം എട്ടുകിലോമീറ്റർ പിന്നീട്ട്‌ 10 ഹെയർപിൻ വളവ്‌ തിരിഞ്ഞുകഴിഞ്ഞാൽ മുക്കാലിയിൽ സമാപിക്കും. ഇ‍ൗ എട്ടുകിലോമീറ്ററിലും അനുഭവങ്ങളുടെ ഘോഷയാത്രയാണ്‌ നമ്മളെ തഴുകി കടന്നുപോകുന്നത്‌. ആനമൂളിയിലെ വിജയേട്ടന്റെ നാടൻ ചായക്കടയിൽ നിന്ന്‌ മുട്ടയും ചായയും കഴിച്ചാണ്‌ വിനോദസഞ്ചാരികൾ യാത്ര തുടങ്ങുക. ചുരം കയറുന്നവർ രണ്ട്‌ മുട്ടയും ഇറങ്ങിവരുന്നവർ ഒരു മുട്ടയും എന്നാണ്‌ കണക്ക്‌. ഇതൊരു പരന്പരാഗത രീതിയാണ്‌. തൊട്ടടുത്ത പന്പിൽനിന്ന്‌ വാഹനത്തിൽ ഇന്ധനം നിറയ്‌ക്കാം. അതിന്‌ തൊട്ടു പിന്നിൽത്തന്നെ മഴ മേഘങ്ങളെ തൊട്ടുരുമ്മുന്ന ചെങ്കുത്തായ കൂറ്റൻ പാറ കാണാം. പിന്നീട്‌ അങ്ങോട്ട്‌ വന്യമായ കാടും സഞ്ചാരികൾക്ക് മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. ഭാഗ്യമുണ്ടെങ്കിൽ കാട്ടുകൊന്പന്മാരെയും പുലികളെയും കാണാം. വനം വകുപ്പിന്റെ നേതൃത്വത്തിൽ ചുരത്തിലാകെ പറക്കെട്ടുകളിലും സംരക്ഷണ ഭിത്തികളിലും മനോഹരമായ ചിത്രരചന നടത്തിയിട്ടുമുണ്ട്. വഴി നീളെ പാറക്കെട്ടുകളിൽ കൊലുസിട്ടപോലെ വെള്ളച്ചാട്ടങ്ങളും കാണാം. അഞ്ചുകിലോമീറ്റർ പിന്നീടുന്പോൾ വ്യ‍ൂ പോയിന്റു്ണ്ട്‌. അവിടെ നിന്നാൽ കൊടുംകാടിന്റെ ഭംഗി കണ്ണുകൾക്ക്‌ ഇന്പം പകരും. ഒപ്പം നിരവധി വെള്ളച്ചാട്ടങ്ങളുടെ കളകളാരവവും. അവധി ദിവസമായാൽ ഇവിടെ തിരക്കോട് തിരക്കാണ്. സംസ്ഥാനത്തിന്റെ പലഭാഗത്തു നിന്നുമായി ചുരം കയറാനും കാഴ്ചകൾ ആസ്വദിക്കാനും ആയിരകണക്കിന് ആളുകളാണ് എത്തുന്നത്. തമിഴ്നാട്ടിലെ കോയമ്പത്തൂരും പരിസര പ്രദേശങ്ങളിലുമുള്ളവർ ആനക്കട്ടി വഴി അതിർത്തി കടന്നും എത്തുന്നവരുണ്ട്. സഞ്ചാരികളുടെ അമിത ജിജ്ഞാസയും അതിസാഹസികതയുമെല്ലാം ചില സമയങ്ങളിൽ അപകടാവസ്ഥക്ക് വഴിവയ്‌ക്കുന്നുണ്ട്. മണ്ണിടിച്ചിലിനും മരങ്ങൾ കടപുഴകി വീഴാനും വെള്ളച്ചാട്ടങ്ങളിൽ പൊടുന്നനെ നീരൊഴുക്ക് വർധിക്കാനുമുള്ള സാധ്യതയും സുരക്ഷാ ഭീഷണി ഉയർത്തുന്നു. വന്യമൃഗ സാന്നിധ്യമുള്ളതിനാൽ ചുരത്തിലൂടെ യാത്ര ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നുമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home