അടിയന്തരാവസ്ഥക്കാലത്തെ അറസ്‌റ്റ്
കൊടുവായൂരിലെ വിദ്യാർഥി സമരത്തിന് 50 വയസ്സ്

കൊടുവായൂർ ഗവ. ഹൈസ്കൂൾ
സ്വന്തം ലേഖകൻ
Published on Aug 05, 2026, 12:22 AM | 1 min read
കൊല്ലങ്കോട്
അടിയന്തരാവസ്ഥയുടെ കിരാതമായ ഓർമകൾ ഇന്നും കൊടുവായൂർ ഗവ. ഹൈസ്കൂളിന് പറയാനുണ്ട്. സ്‌കൂളിലെ 19 വിദ്യാർഥികളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച സംഭവത്തിന് വ്യാഴാഴ്‌ച 50 വർഷം തികയും. അരനൂറ്റാണ്ട് മുമ്പ് നടന്ന കൊടിയമർദനവും പട്ടിണിക്കിട്ടതും ഇന്നലെ നടന്നതുപോലെ പഴയ ആളുകളുടെ മനസ്സിലുണ്ട്. സ്കൂളിലെ 8, 9, 10 ക്ലാസുകളിലെ 19 വിദ്യാർഥികളെയാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വിദ്യാർഥികളെ അറസ്റ്റ് ചെയ്‌തിരുന്നു. ഇവരെ ജുവൈനൽ ഹോമിലേക്ക് അയച്ചപ്പോൾ കൊടുവായൂരിലെ വിദ്യാർഥികളെ ഒരുദിവസം പുതുനഗരം പൊലീസ് സ്റ്റേഷനിൻ ലോക്കപ്പിലാക്കി, വെള്ളംപോലും കൊടുക്കാതെ മർദിച്ചു. പിന്നീട് 21 ദിവസം പാലക്കാട് സബ് ജയിലിൽ അടച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് അറസ്റ്റ്. അന്നത്തെ ഐജി വി എൻ രാജൻ കൊടുവായൂർ എത്തനൂർ സ്വദേശിയും കൊടുവായൂർ ഗവ. ഹൈസ്കൂളിലെ പൂർവ വിദ്യാർഥിയുമായിരുന്നു. ഡിഐജി ജയറാം പടിക്കൽ കൊടുവായൂരിന് സമീപത്തെ പെരുവെമ്പ് സ്വദേശിയും. അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് നരനായാട്ടിന് കുപ്രസിദ്ധരായ രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നാട്ടുകാരായ വിദ്യാർഥികൾക്കാണ് കൊടിയ മർദനം ഏൽക്കേണ്ടിവന്നത് എന്നതും ചരിത്രം. അന്നത്തെ വിദ്യാർഥികൾക്കെല്ലാം വയസ്സ് 60 പിന്നിട്ടെങ്കിലും പോരാട്ടത്തിന്റെ ഓർമകൾ പുതുക്കാൻ അവർ വീണ്ടും ഒത്തുചേരുന്നു. വ്യാഴം രാവിലെ 10ന് കൊടുവായൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടത്തുന്ന ‘ഓർമ പുതുക്കൽ’ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉദ്ഘാടനം ചെയ്യും.










0 comments