print edition സുഗതന് സർക്കാർ സഹായം; ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർക്ക് സംരക്ഷണം

സുഗതൻ
സ്വന്തം ലേഖകൻ
Published on Aug 05, 2026, 01:15 AM | 1 min read
തിരുവനന്തപുരം: കാപ്പ തടവുകാരനായ തിരുവനന്തപുരം ബിജെപി കൗൺസിലർ സുഗതന്റെ അവധി അപേക്ഷയിൽ അനുകൂല കത്തുനൽകിയ സംഭവത്തിൽ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറിയിൽ മാത്രം നടപടിയൊതുക്കി ആഭ്യന്തരവകുപ്പ്. കോർപറേഷൻ ഭരണം ബിജെപിക്ക് നിലനിർത്താൻ സഹായകമായ കത്ത് നഗരസഭാ സെക്രട്ടറിക്ക് കൈമാറിയ ആഭ്യന്തരവകുപ്പ് രഹസ്യവിഭാഗം അണ്ടർ സെക്രട്ടറിക്കെതിരെ യാതൊരു നടപടിയുമില്ല. സെക്രട്ടറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനാ നേതാവാണ് ഉദ്യോഗസ്ഥ.
ഇന്റേണൽ നോട്ടെഴുതിയ തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറിയേക്കാൾ ഉത്തരവാദിത്വം മറ്റു പരിശോധനയോ സ്വന്തം തീരുമാനമോ എടുക്കാതെ സുഗതന് അനുകൂലമായി കത്ത് തയ്യാറാക്കി നൽകിയ ഉദ്യോഗസ്ഥയ്‌ക്കാണ്. തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര അരുണിമയെ തിങ്കളാഴ്‌ചയാണ് പൊതുഭരണ വകുപ്പ് സസ്‌പെൻഡ് ചെയ്‌തത്. മന്ത്രി കെ എം ഷാജി, സ്‌പെഷ്യൽ സെക്രട്ടറി എസ് ഷാനവാസ് എന്നിവരുടെ തീരുമാനം മറികടന്ന് ഡോ. ചിത്ര തീരുമാനമെടുത്ത് ആഭ്യന്തരവകുപ്പിനെ അറിയിച്ചുവെന്നതാണ് കുറ്റം. എന്നാൽ തദ്ദേശഭരണം, ആഭ്യന്തരം വകുപ്പിൽ മുതിർന്നവരടക്കം ഇരുപതോളം ഉദ്യോഗസ്ഥർ ഫയൽ കണ്ടിട്ടുണ്ട്.
പരോൾ നൽകാൻ വകുപ്പില്ലെന്നും മുനിസിപ്പൽ ചട്ടപ്രകാരം അവധി അനുവദിക്കാമെന്നുമാണ് സുഗതന് അനുകൂലമായി ഡോ. ചിത്ര ഫയലിൽ കുറിച്ചത്. ഇത് കണ്ട മന്ത്രി കെ എം ഷാജി പരോൾ അനുവദിക്കരുതെന്ന് മാത്രം കുറിച്ചു. ഇതോടെ ഫയൽ അതിവേഗം ആഭ്യന്തര വകുപ്പിലേക്ക് പോവുകയായിരുന്നു.
കത്ത് പുറത്തുവന്നതോടെ വെട്ടിലായ മന്ത്രി രമേശ് ചെന്നിത്തല ഫയൽ താൻ കണ്ടിട്ടില്ലെന്നാണ് പറഞ്ഞത്. മന്ത്രി ഫയൽ കണ്ടില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്വവും ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർക്കാണ്. എന്നിട്ടും ഇവർക്കെതിരെ നടപടിയില്ല. പരോൾ അപേക്ഷയിൽ തദ്ദേശവകുപ്പിൽനിന്ന് അഭിപ്രായം തേടാതെ ആഭ്യന്തര രഹസ്യ വിഭാഗത്തിന് നേരിട്ട് നടപടി സ്വീകരിക്കാം. എന്നിട്ടും തദ്ദേശ വകുപ്പിന് ഫയൽ അയച്ചത് ദുരൂഹമാണ്.ആർഎസ്‌എസ്–ബിജെപി നേതൃത്വവുമായുള്ള സർക്കാർ ഡീലാണിതെന്നാണ് ആരോപണം.










0 comments