ad
Deshabhimani

print edition ശബരിമല നെയ്യ്‌ വിതരണം: ആരോപണം മറയാക്കി 
മിൽമയെ തകർക്കാൻ നീക്കം

milma
വെബ് ഡെസ്ക്

Published on Aug 05, 2026, 01:13 AM | 1 min read

തിരുവനന്തപുരം: ശബരിമലയിലെ നെയ്യ്‌ വിതരണവുമായി ബന്ധപ്പെട്ട്‌ ഉയരുന്ന ആരോപണങ്ങൾക്ക്‌ മറവിൽ മിൽമയെ താറടിക്കാൻ ആസൂത്രിത നീക്കം. ദേവസ്വം ബോർഡിന്‌ ഗുണനിലവാരമില്ലാത്ത നെയ്യ്‌ കൈമാറിയതിൽ മിൽമയ്ക്ക്‌ പങ്കുണ്ടെന്നാണ്‌ പ്രചാരണം. ഉൽപ്പന്നങ്ങൾക്ക്‌ ഗുണനിലവാരമില്ലെന്ന്‌ വരുത്തി സ്വകാര്യ ഡെയ്‌റി കമ്പനികൾക്ക്‌ വഴിയൊരുക്കുകയാണ്‌ ലക്ഷ്യം.


ശബരിമലയിലേക്ക്‌ നൽകിയ നെയ്യ്‌ വഴിമധ്യേ മാറ്റുകയും പകരം ഗുണനിലവാരം കുറഞ്ഞ നെയ്യ്‌ നിറച്ച്‌ തട്ടിപ്പ്‌ നടത്തുകയും ചെയ്തെന്നാണ്‌ ക്ഷീര വികസന വകുപ്പ്‌ ഡയറക്ടറുടെയും ദേവസ്വം വിജിലൻസിന്റെയും കണ്ടെത്തൽ. കഴിഞ്ഞ സീസണിൽ 26 ലോഡാണ്‌ മിൽമയിൽ നിന്ന്‌ ശബരിമലയിലേക്ക്‌ അയച്ചത്‌. ഇതിൽ 16 ലോഡ്‌ മാത്രമാണ്‌ പമ്പയിലെ ഭക്ഷ്യസുരക്ഷ ലാബിൽ പരിശോധിച്ചതെന്നാണ്‌ വിവരം. ഇതോടെ, വഴിമധ്യേയാണ്‌ തിരിമറി നടന്നതെന്ന്‌ കൂടുതൽ വ്യക്തമായി. ഇടനിലക്കാരോ ഉദ്യോഗസ്ഥരോ ഇതിൽ പങ്കാളികളാണോ എന്നും വിജിലൻസ്‌ അന്വേഷിക്കുന്നുണ്ട്‌.


അന്വേഷണത്തോട്‌ പൂർണമായും സഹകരിക്കുമെന്ന്‌ മിൽമ ഭരണസമിതിയും വ്യക്തമാക്കി. ഇത്‌ മറച്ചുവച്ചാണ്‌ അമിതലാഭത്തിനായി മിൽമ ഗുണനിലവാരത്തിൽ വീഴ്‌ച വരുത്തിയെന്നുള്ള വാർത്തകൾ. എംഡിയെയും ബോർഡിനെയും അറിയിക്കാതെയാണ്‌ മില്‍മ ഭരണസമിതി നെയ്യ് വില്‍പ്പനയ്‌ക്ക്‌ കരാർ ഉണ്ടാക്കിയതെന്ന ആരോപണവും മിൽമ തള്ളി. മാർക്കറ്റിങ്‌ സംഘമാണ്‌ ഇത്തരം കരാറുകളിൽ ചർച്ച നടത്തുന്നത്‌. അതത്‌ യൂണിറ്റിന്റെ മുഴുവൻ ചുമതല യൂണിറ്റ്‌ മാനേജർക്കും എംഡിക്കുമാണ്‌. കരാർ എംഡിയറിഞ്ഞില്ലെന്ന വാദം മിൽമയെ ഇകഴ്‌ത്താനുള്ള ശ്രമം മാത്രമാണെന്ന്‌ മിൽമ ചെയർമാൻ കെ എസ്‌ മണി പറഞ്ഞു.


മിൽമ പാലിന്റെയും പാൽ ഉൽപ്പന്നങ്ങളുടെയും പാക്കറ്റ് ഡിസൈൻ അനുകരിച്ച് വിപണി കൈയടക്കാനുള്ള നീക്കങ്ങൾ നേരത്തെതന്നെ സജീവമാണ്‌. കേരളത്തിലെ ക്ഷീര കര്‍ഷകരുടെ പാലാണ് കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ മില്‍മ സംഭരിക്കുന്നത്. ഇത്‌ അട്ടിമറിച്ചാണ്‌ കോർപ്പറേറ്റുകൾക്ക്‌ അവസരമുണ്ടാക്കിക്കൊടുക്കാനുള്ള ശ്രമം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home