ad
Deshabhimani

print edition ജനങ്ങളെ ‘വെള്ളത്തിലാക്കി’ മുഖ്യമന്ത്രി; ദുരാരോപണവും കള്ളവും മറുപടി

V D Satheesan

വി ഡി സതീശൻ

avatar
സി കെ ദിനേശ്‌

Published on Aug 05, 2026, 01:09 AM | 1 min read

തിരുവനന്തപുരം: മഴക്കെടുതി കൈകാര്യം ചെയ്യുന്നതിലെ വീഴ്‌ച പരിഹരിച്ച്‌ സർക്കാർ സംവിധാനത്തെ രംഗത്തിറക്കേണ്ട മുഖ്യമന്ത്രി അഭിരമിക്കുന്നത്‌ കള്ളങ്ങളുടെ അകമ്പടിയുള്ള രാഷ്‌ട്രീയ ദുരാരോപണങ്ങളിൽ. കാലവർഷക്കാലത്ത്‌ കെടുതികൾ പ്രതീക്ഷിക്കേണ്ടതായിരുന്നു. എന്നാൽ സർക്കാർ സംവിധാനങ്ങൾക്ക്‌ ഫലപ്രദമായി ഇടപെടാനോ ജനങ്ങളെ സഹായിക്കാനോ കഴിഞ്ഞില്ല. അത്‌ ചൂണ്ടിക്കാണിക്കുമ്പോൾ രക്ഷപ്പെടാൻ മുൻസർക്കാരിനെ പഴിക്കുകയും കള്ളം പറയുകയുമാണ്‌ വി ഡി സതീശൻ. മുഖ്യമന്ത്രിയിൽനിന്ന്‌ ഇതല്ല പ്രതീക്ഷിക്കുന്നത്‌ എന്ന്‌ കേരളജനത തുറന്നുപറയുന്നു.


അതിതീവ്ര മഴ മുന്നറിയിപ്പുണ്ടായിരുന്നതിനും രക്ഷാപ്രവർത്തനത്തിനും ഒഴിപ്പിക്കലിനും എട്ടുമണിക്കൂർ കിട്ടിയിരുന്നതിനും തെളിവുണ്ട്‌. ശക്തമായ ഏകോപനവും നേതൃത്വവും ഇടപെടലുമാണ്‌ ഇത്തരം ഘട്ടങ്ങളിലുണ്ടാകേണ്ടത്‌. 2018ലും 2019ലും ജനം അത്‌ കണ്ടതാണ്.

എന്നാൽ ഇപ്പോൾ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും എല്ലാ കാര്യങ്ങളും ഏൽപ്പിച്ച്‌ മുഖ്യമന്ത്രി മാറിനിന്നത്‌ നിരുത്തരവാദ സമീപനമായി. മഴദുരന്തം അറിഞ്ഞിട്ടും മുഖ്യമന്ത്രി വിരുന്നുണ്ണാനും സ്വകാര്യ കോഫിഷോപ്പ്‌ തുറക്കാനും പോയത്‌ ഒ‍ൗചിത്യമില്ലായ്‌മയായി എന്നാണ്‌ പൊതുവിമർശം.

പതിനായിരക്കണക്കിനുപേർ ദുരിതമനുഭവിക്കുമ്പോൾ മുഖ്യമന്ത്രി സ്വകാര്യ ആവശ്യത്തിന്‌ ഹെലികോപ്‌റ്ററിൽ യാത്രചെയ്യുന്നതും വിഭവസമൃദ്ധ ഭക്ഷണം കഴിക്കുന്നതും സ്വകാര്യ പരിപാടിയിൽ പങ്കെടുക്കുന്നതുമാണ്‌ ജനം കണ്ടത്‌. ഇതെല്ലാം ചൂണ്ടിക്കാണിച്ചപ്പോൾ ‘മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ പാർടി സമ്മേളനത്തിന്‌ ഹെലികോപ്‌റ്ററിൽ പോയില്ലേ’ എന്ന കള്ളമാണ്‌ മറുചോദ്യം. 2017 ൽ തൃശൂരിൽ പാർടി സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്ന പിണറായി വിജയൻ അടിയന്തരമായി ഔദ്യോഗിക ആവശ്യങ്ങൾക്കായി ഹെലികോപ്‌റ്ററിൽ തിരുവനന്തപുരത്തെത്തിയിരുന്നു. ഓഖി ചുഴലിക്കാറ്റിന്റെ ആഘാതം വിലയിരുത്താൻ കേന്ദ്രസംഘം എത്തിയപ്പോഴായിരുന്നു അത്. എല്ലാം അന്ന്‌ വിശദീകരിച്ചതുമാണ്‌.


എല്ലാ സഹായവും എത്തിച്ചുവെന്ന വി ഡി സതീശന്റെ വാദം തെറ്റായിരുന്നെന്ന്‌ ആറന്മുള ഉൾപ്പെടെ വിവിധ പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ സ്ഥിതി തെളിയിച്ചു. രണ്ട്‌ മഹാപ്രളയങ്ങൾ നൽകിയ അനുഭവപാഠങ്ങൾ ഉൾക്കൊണ്ടാണ്‌ 2025 ലെ കാലവർഷംവരെ അന്നത്തെ സർക്കാർ ഒരുക്കങ്ങൾ നടത്തിയിരുന്നത്‌. ഇപ്പോൾ ആ ജാഗ്രത നഷ്ടപ്പെട്ടതെങ്ങനെ എന്നതിനാണ്‌ യുഡിഎഫ്‌ സർക്കാരും മുഖ്യമന്ത്രിയും മറുപടി പറയേണ്ടത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home