ജലസംഭരണി പൊളിക്കുമ്പോൾ അപകടം കരാറുകാരന് ഗുരുതര വീഴ്‌ച

ജലസംഭരണി പൊളിക്കുമ്പോൾ അപകടം കരാറുകാരന് ഗുരുതര വീഴ്‌ച
പാലക്കാട്
പൊളിച്ചുനീക്കുന്നതിനിടെ ജലസംഭരണി വീണ് വൈദ്യുതിത്തൂണുകളും വില്ലേജ് ഓഫീസിന്റെ മതിലും തകരാനിടയായത് കരാറുകാരന്റെ ഗുരുതര വീഴ്‌ച. ഇതുമായി ബന്ധപ്പെട്ട വാട്ടർ അതോറിറ്റി അധികൃതർ കരാറുകാരന് കാരണം കാണിക്കൽ നോട്ടീസ് നൽകി. മീങ്കര കുടിവെള്ള പദ്ധതിയുടെ ഭാഗമായ ചിക്കണാംപാറയിലെ ജലസംഭരണിയാണ് ഞായറാഴ്‌ച പൊളിക്കുന്നതിനിടെ വീണത്. 1992ൽ നിർമിച്ച ജലസംഭരണി കാലപ്പഴക്കത്താൽ തകരാനിടയുള്ള സാഹചര്യത്തിലാണ് പൊളിക്കാൻ മലപ്പുറം സ്വദേശി കരീമിന് കരാർ നൽകിയത്. ഏഴുലക്ഷം ലിറ്റർ വെള്ളം കൊള്ളുന്ന സംഭരണിക്ക് 32 പില്ലറുകളുണ്ട്. മുകൾ ഭാഗത്തുനിന്ന് ഘട്ടംഘട്ടമായി പൊളിച്ചുനീക്കാനും മറിച്ചിടരുതെന്നും കാരാറുകാരനോട് ആവശ്യപ്പെട്ടതായി വാട്ടർ അതോറിറ്റി അധികൃതർ പറയുന്നു. ആദ്യദിവസങ്ങളിൽ മുകളിലെ സ്ലാബ് മാറ്റി സുരക്ഷിതമായാണ് പ്രവൃത്തി നടത്തിയിരുന്നത്. വാട്ടർ അതോറിറ്റി അധികൃതരുടെ സാന്നിധ്യത്തിലായിരുന്നു ഇത്. എന്നാൽ ഞായറാഴ്‌ച പ്രവൃത്തി നടക്കുന്ന വിവരം അധികൃതരെ അറിയിച്ചില്ല. പില്ലറുകൾ തകർത്ത് ടാങ്ക് പൊളിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം. രണ്ട് വൈദ്യുതിത്തൂണും കൊല്ലങ്കോട് ഒന്ന് വില്ലേജ് ഓഫീസിന്റെ മതിലും ഗേറ്റുമാണ് ഭാഗികമായി തകർന്നത്. സമീപത്തെ ശശികുമാറിന്റെ വീടിന്റെ ഒരു ഭാഗവും തകർന്നു. വൈദ്യുതിത്തൂണും ടാങ്കും വീഴുന്നതുകണ്ട് സമീപത്തുണ്ടായിരുന്ന മണ്ണുമാന്തിയന്ത്രത്തിന്റെ ഡ്രൈവർ വാഹനം പിന്നിലേക്ക് മാറ്റിയതിനാൽ വലിയ അപകടം ഒഴിവായി. അപകടസമയത്ത് വില്ലേജ് ഓഫീസിലും ശശികുമാറിന്റെ വീടിന്റെ തകർന്ന ഭാഗത്തും ആളുകൾ ഉണ്ടായിരുന്നില്ല. തൂൺ തകർന്ന് പ്രദേശത്ത് വൈദ്യുതി മുടങ്ങിയിരുന്നു. വൈദ്യതിത്തൂണിന്റെ പണം കരാറുകാരൻ കെഎസ്‌ഇബിക്ക് അടച്ചിട്ടിണ്ട്. വൈദ്യുതി വിതരണം 24 മണിക്കൂറിനുശേഷമാണ് പുനഃസ്ഥാപിച്ചത്. വില്ലേജ് ഓഫീസിന്റെ മതിലും ഗേറ്റും പുനർനിർമിക്കുമെന്ന് കരാറുകാരൻ വാട്ടർ അതോറിറ്റിക്കും റവന്യു വകുപ്പിനും ഉറപ്പുനൽകിയിട്ടുണ്ട്. രണ്ട് ജലസംഭരണി പൊളിക്കാൻ ഇ ടെൻഡർ വിളിക്കാതെ നേരിട്ട് കരാർ നൽകിയത് "ദേശാഭിമാനി' റിപ്പോർട്ട് ചെയ്‌തിരുന്നു.










0 comments