പാതയിൽ പൊലിഞ്ഞത് 230 ജീവൻ


സ്വന്തം ലേഖകൻ
Published on Nov 12, 2026, 12:27 AM | 1 min read
പാലക്കാട്
ജില്ലയിലെ നിരത്തുകളിൽ 11 മാസത്തിനിടെ 230 പേർക്ക് ജീവൻ നഷ്ടമായി. 252 വാഹനാപകടങ്ങളിലായാണ് മരണങ്ങൾ. കഴിഞ്ഞ ദിവസം മനിശീരിയിലുണ്ടായ അപകടത്തിൽ മരിച്ച രണ്ടുപേരും ഇതിൽ ഉൾപ്പെടും. 2400ലേറെ പേർക്ക് ഗുരുതര പരിക്കേറ്റു. അമിതവേഗം, അശ്രദ്ധമായ ഡ്രൈവിങ്, വാഹനങ്ങളുടെ തകരാറുകൾ എന്നിവയാണ് അപകടങ്ങൾക്ക് പ്രധാന കാരണം. അപകടങ്ങൾ തടയാൻ സ്ഥാപിച്ച എഐ കാമറകൾപോലും വാഹനങ്ങൾ ഇടിച്ചുതകർത്തു. ആയക്കാട്, നെടുമണി, വട്ടേക്കാട്, ബിഇഎംഎൽ–മേനോൻപാറ റോഡ് എന്നിവിടങ്ങളിലെ കാമറകളാണ് നാല് അപകടങ്ങളിലായി തകർന്നത്. ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാതെയുള്ള യാത്ര, വെളിച്ചക്കുറവ്, നിയമവിരുദ്ധ പാർക്കിങ് എന്നിവയും അപകടസാധ്യത വർധിപ്പിക്കുന്നു. ജില്ലയിലൂടെ കടന്നുപോകുന്ന വാളയാർ–വടക്കഞ്ചേരി ദേശീയപാതയിൽ ഒമ്പതിടങ്ങളിൽ മേൽപ്പാലങ്ങളുടെയും അടിപ്പാതകളുടെയും നിർമാണം നടക്കുകയാണ്. മഴയിൽ റോഡിലേക്ക് ഒലിച്ചിറങ്ങുന്ന മണ്ണും കല്ലും ചരലും അപകടങ്ങൾക്ക് വഴിയൊരുക്കുന്നു.









0 comments