ad
Deshabhimani

സൗജന്യ ബസിൽ വൻ തിരക്ക്

ടിക്കറ്റ്‌ നൽകുന്നതിനിടെ വാതിൽ 
തുറന്ന്‌ കണ്ടക്‌ടർ തെറിച്ചുവീണു

പരിക്കേറ്റ കണ്ടക്ടർ സെയ്ത് മുഹമ്മദ്

പരിക്കേറ്റ കണ്ടക്ടർ സെയ്ത് മുഹമ്മദ്

വെബ് ഡെസ്ക്

Published on Jul 08, 2026, 01:25 AM | 2 min read

വടക്കഞ്ചേരി

സ‍ൗജന്യ യാത്ര ബസിലെ വൻ തിരക്കിനെ തുടർന്ന്‌ തെറിച്ച് വീണ് കണ്ടക്ടർക്ക് പരിക്ക്. കെഎസ്ആർടിസി വടക്കഞ്ചേരി സബ്‌- ഡിപ്പോയിലെ കണ്ടക്ടർ ആലത്തൂർ വാനൂർ കെ സെയ്ത് മുഹമ്മദി (42) നാണ് പരിക്കേറ്റത്. ഇയാളെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വ രാവിലെ എട്ടിന്‌ ആയക്കാട് മന്ദത്തിന് സമീപമാണ്‌ അപകടം. ഒറ്റപ്പാലത്തുനിന്ന്‌ കിഴക്കഞ്ചേരി പാണ്ടാംകോട്ടിലേക്ക് പോയതാണ്‌ കെഎസ് ആർടിസി പ്രിയദർശിനി ബസ്‌. തിരക്ക് കൂടിയതിനാൽ പിന്നിലെ വാതിലിന്‌ അടുത്ത്‌ നിന്നാണ്‌ സെയ്ത് മുഹമ്മദ് ടിക്കറ്റ്‌ കൊടുത്തിരുന്നത്‌. അതിനിടെ കൈ തട്ടി വാതിൽ തുറന്ന് പുറത്തേക്ക് തെറിക്കുകയായിരുന്നു. 140 ഓളം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. ഒറ്റപ്പാലത്ത് നിന്നും പുളിങ്കുട്ടം വരെ 138 പേർക്ക് ടിക്കറ്റ് നൽകി. ഭൂരിഭാഗവും സ്ത്രീകളാണ്. ഈ സമയം മറ്റ് കെഎസ്ആർടിസി ബസുകൾ ഇതുവഴി ഇല്ലാത്തതിനാൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്‌. കാലപ്പഴക്കം ചെന്ന ബസിൽ ആളുകളെ കുത്തിനിറയ്‌ക്കുന്നത് അപകട സാധ്യത വർധിപ്പിക്കും.

സ‍ൗജന്യയാത്ര കട്ടപ്പുറത്തായ ബസുകളിൽ

കെഎസ്ആർടിസിയിലെ പ്രിയദർശിനി സൗജന്യ യാത്രയിൽ പലതും കട്ടപ്പുറത്ത് കയറേണ്ട ബസ്സുകളിലാണെന്ന് ജീവനക്കാർ പറയുന്നു. ചൊവ്വാഴ്ച രാവിലെ ആയക്കാട് കണ്ടക്ടർ തെറിച്ച് വീഴാനിടയായത്‌ ബസ്സിലെ തിരക്കിനെ തുടർന്നാണ്. ഒറ്റപ്പാലത്ത് നിന്നും രാവിലെ 6.50 ന് സർവീസ് ആരംഭിച്ച്‌ ബസ്‌ പുളിങ്കൂട്ടത്ത് എത്തിയപ്പോൾ 140 ഓളം യാത്രക്കാർ ഉണ്ടായിരുന്നു. ഇതിൽ 120 ഉം സ്ത്രീകളായിരുന്നു. തിരക്ക് കാരണം കണ്ടക്ടർക്ക് ബസ്സിനുള്ളിൽ കയറാൻ കഴിഞ്ഞില്ല. വാതിലിന് സമീപത്ത് നിന്നാണ് ടിക്കറ്റ് നൽകിയത്. ഇതിനിടെ കൈതട്ടി വാതിൽ തുറന്ന് തെറിച്ച്‌ വീഴുകയായിരുന്നു. ​സൗജന്യ യാത്രയ്‌ക്ക്‌ ചുരുക്കം ബസ്സുകൾ മാത്രമാണ് പല റൂട്ടുകളിലും ഉള്ളത്. അതുകൊണ്ട് തന്നെ വൻതിരക്കാണ്. സാധാരണ ഗതിയിൽ അറുപത് പേരെ മാത്രമെ ബസിൽ കയറ്റാവൂ. എന്നാൽ ഇതിന്റെ ഇരട്ടിയോളം യാത്രക്കാരാണ് ചില സമയങ്ങളിൽ ഉണ്ടാവുക. സൗജന്യയാത്ര അനുവദിച്ച ഓർഡിനറി, ടൗൺ ടു ടൗൺ ബസുകൾ പൊതുവെ കാലപ്പഴക്കം ചെന്നവയായിരിക്കും. പുതിയ ബസ്‌ നിരത്തിലിറക്കുമ്പോൾ ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് വിഭാഗങ്ങളിൽ ദീർഘദൂര സർവീസുകൾക്കാണ് ഉപയോഗിക്കുക.12 വർഷത്തിന് ശേഷമേ ഓർഡിനറി വിഭാഗത്തിലേക്ക് മാറ്റുകയുള്ളൂ. ഇപ്പോൾ സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള ബസുകളിൽ ഭൂരിഭാഗവും 12 വർഷം കഴിഞ്ഞവയാണ്. അതുകൊണ്ട് തന്നെ ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ നൂറ് കണക്കിന് ആളുകളെ കയറ്റി യാത്ര ചെയ്യുന്നത് അപകട സാധ്യത വർധിക്കുമെന്നാണ് ജീവനക്കാർ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home