Deshabhimani

കാട്ടാന ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 15, 2026, 12:00 AM | 1 min read

സ്വന്തം ലേഖകൻ

മലന്പുഴ വീടിനുമുന്നിലെ റോഡരികിലെ മരച്ചുവട്ടിൽ കിടന്നുറങ്ങുകയായിരുന്ന ആദിവാസി കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു. മലമ്പുഴ കൊല്ലംകുന്നിൽ വെള്ളഴുത്താംപൊറ്റയിൽ ചന്ദ്രൻ (56) ആണ് മരിച്ചത്. ആരോഗ്യവകുപ്പ്‌ മുൻ അറ്റൻഡറാണ്‌. വ്യാഴം പുലർച്ചെ മൂന്നിനാണ് സംഭവം. ആന തുമ്പിക്കൈകൊണ്ട് ചന്ദ്രനെ എടുത്തെറിയുകയായിരുന്നു. സമീപം കിടന്നുറങ്ങിയ ബന്ധു മാധവൻ (60) തലനാരിഴക്ക്‌ രക്ഷപ്പെട്ടു. ചിന്നംവിളികേട്ട് ഞെട്ടിയുണർന്നപ്പോൾ മാധവൻ ആനയുടെ അടിയിലായിരുന്നു. ചന്ദ്രനെ ആക്രമിച്ചശേഷം റോഡരികിൽ കിടന്നിരുന്ന വൈദ്യുതപോസ്‌റ്റ്‌ ആന എടുത്തെറിയാൻ ശ്രമിക്കുന്നതിനിടെ മാധവൻ ഓടി. കുറച്ചുദൂരം പിന്തുടർന്നെങ്കിലും ആന പിന്നീട്‌ കാട്ടിലേക്ക് കയറിപ്പോയി. ബഹളംകേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ചേർന്ന് ചന്ദ്രനെ പാലക്കാട്‌ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രാത്രി ചൂട്‌ കൂടിയതിനാലാണ്‌ ചന്ദ്രനും മാധവനും മാധവന്റെ ഭാര്യ മീനാക്ഷി (55)യും പായ വിരിച്ച്‌ വനത്തോട്‌ ചേർന്നുള്ള റോഡിലെ പുളിമരചുവട്ടിൽ കിടന്നത്‌. ആനയെത്തുന്നതിന്‌ തൊട്ടുമുന്പ്‌ മീനാക്ഷി എഴുന്നേറ്റ്‌ വീട്ടിലേക്ക്‌ പോയിരുന്നു. ചന്ദ്രനും ഭാര്യയും പാലക്കാട്ട്‌ മകളുടെ വീട്ടിലായിരുന്നു. നാല്‌ ദിവസമുന്പാണ്‌ പേരക്കുട്ടികൾക്കൊപ്പം കൊല്ലംകുന്നിലെ തറവാട്ടിലെത്തിയത്‌. സഹോദരി സിന്ധുവാണ്‌ ഇവിടെ താമസിക്കുന്നത്‌. ലക്ഷ്മിയാണ്‌ ചന്ദ്രന്റെ ഭാര്യ. മക്കൾ: സുമ (എസ്‌ടി പ്രമോട്ടർ, പാലക്കാട്‌ ഗവ. മെഡിക്കൽ കോളേജ്‌), സുമേഷ്. മരുമക്കൾ: ജംഷീർ (ആംബുലൻസ്‌ ഡ്രൈവർ, പാലക്കാട്‌ ജില്ലാ ആശുപത്രി), അനീഷ. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home