നിഴലിൽ അലിഞ്ഞ നാട്യം


സ്വന്തം ലേഖകൻ
Published on Jul 30, 2026, 02:00 AM | 1 min read
ഒറ്റപ്പാലം
ഭരതനാട്യവും തോൽപ്പാവക്കൂത്തും ഇണങ്ങിച്ചേർന്ന ‘ബിയോണ്ട് ദി ബോ’ യുമായി വേദി കീഴടക്കാൻ ഒരുങ്ങുകയാണ് കൂനത്തറയിലെ ഒരുകൂട്ടം കലാകാരന്മാർ. ‘സീതാകല്യാണം’ സന്ദർഭമാണ് പറയുന്നത്. അവതരണത്തിന്റെ കേന്ദ്രബിന്ദു തോൽപ്പാവക്കൂത്തുതന്നെയാണ്. ദീപങ്ങൾ തെളിയിച്ച് പരന്പരാഗത രീതിയിലാണ് അവതരണം ആരംഭിക്കുന്നത്. തിരശീലയ്ക്ക് മുന്നിൽ ഭരതനാട്യ നർത്തകിമാരായ ഐശ്വര്യയും രേവതിയും ഭാവലോകം തുറന്നുകാണിക്കും. അതേ നിമിഷം തിരശീലയ്ക്ക് പിന്നിൽ തോൽപ്പാവകൾ നിഴലുകൾകൊണ്ട് കഥ പറയും. ഇൗ പരീക്ഷണാത്മക അവതരണം നിലവിൽ സാമൂഹിക മാധ്യമങ്ങൾവഴിയാണ് പ്രചാരണം നടത്തുന്നത്. തോൽപ്പാവകളുടെ രൂപകൽപ്പനയും കലാസംവിധാനവും വിപിൻ വിശ്വനാഥ പുലവരാണ് നിർവഹിക്കുന്നത്. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ പുരസ്‌കാര ജേതാവായ വിപിൻ, പരമ്പരാഗത തോൽപ്പാവക്കൂത്തിന്റെ ആത്മാവ് നഷ്ടപ്പെടുത്താതെ അതിനെ സമകാലിക കലാവേദികളുമായി ബന്ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. പുഷ്പലത, രമ്യാദേവി, കൃഷ്ണകുമാർ, വിഷ്ണു, അഭിനന്ദ്, പ്രിയദർശൻ എന്നിവരും ഒപ്പമുണ്ട്. സംഗീതവും ആശയാവിഷ്‌കാരവും: ഹരിനാരായണനും ബി വിഷ്ണു വീഡിയോയും എം എ അനീഷ് ഫോട്ടോഗ്രഫിയുമാണ് ചെയ്തിരിക്കുന്നത്.







0 comments