സിലിണ്ടറിന് നെട്ടോട്ടം


സ്വന്തം ലേഖകൻ
Published on Mar 13, 2026, 02:00 AM | 1 min read
പാലക്കാട്
പാചകവാതക ക്ഷാമം രൂക്ഷമായതോടെ തീവെയിലിലും ഏജൻസികൾക്കുമുന്നിൽ നീളൻ വരി. വ്യാഴാഴ്‌ച ജില്ലയിലെ മിക്ക പാചകവാതക ഏജൻസികളിലും രാവിലെത്തന്നെ ആളുകൾ തടിച്ചുകൂടി. വാണിജ്യ സിലിണ്ടറുകൾക്കുപുറമെ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറുകളും കിട്ടാനില്ല. ഓൺലൈൻ ബുക്കിങ്ങിനും കാര്യമായ മറുപടിയില്ല. ഏജൻസികളിൽ വിളിച്ച് അന്വേഷിക്കുമ്പോൾ തങ്ങൾ നിസഹായരാണെന്നാണ് മറുപടി. ഇതോടെയാണ് സിലിണ്ടറിനായി ആളുകൾ നേരിട്ട് എത്തിത്തുടങ്ങിയത്. തിരിച്ച് വീണ്ടും വിറകടുപ്പിലേക്ക് മടങ്ങാനുള്ള പ്രയാസവും ആളുകൾ പറയുന്നു. ജില്ലയിലെ ഹോട്ടൽ വ്യവസായത്തിലെ പ്രതിസന്ധി ദിനംപ്രതി കൂടുകയാണ്. വലുപ്പ വ്യത്യാസമില്ലാതെ എല്ലാ ഹോട്ടലുകളും അടച്ചുപൂട്ടലിന്റെ വക്കിലായി. ദിവസം ഒന്നുമുതൽ 10 വരെ സിലിണ്ടറുകൾ ആവശ്യമായ ഹോട്ടലുകളുണ്ട്. ഇവയെല്ലാം ഒരാഴ്‌ചയ്‌ക്കുള്ളിൽ പൂട്ടേണ്ട സ്ഥിതിയിലാകും. ബേക്കറികളിലും ഹോട്ടലുകളിലും ഷവർമ, അൽഫാം പോലുള്ള ഭക്ഷണങ്ങളുണ്ടാക്കാൻ ഇന്ധനം കൂടതൽ വേണം. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇവ നിർത്തലാക്കാനും എണ്ണം കുറയ്‌ക്കാനും ഉടമകൾ തീരുമാനിച്ചിട്ടുണ്ട്. തട്ടുകടകളിലും സമാനമാണ് അവസ്ഥ. റംസാൻ അടുത്തിരിക്കെ ഇന്ധന ക്ഷാമം ആഘോഷങ്ങളെ ബാധിക്കുമെന്ന ആശങ്കയിലാണ് ജനം. ഭക്ഷണത്തിന് വില ഉയർത്താനുള്ള ആലോചനയും സജീവമാണ്. ഇതിനോടകം ചില കടകളിൽ വില വർധിപ്പിച്ചിട്ടുണ്ട്. ജനങ്ങൾ നെട്ടോട്ടമോടുമ്പോഴും കേന്ദ്രസർക്കാരിന് മറുപടിയില്ല. നേരത്തെ ഇന്ധനം ശേഖരിക്കാനുള്ള സാഹചര്യമുണ്ടായിട്ടും മൗനം പാലിച്ച കേന്ദ്ര സർക്കാരിനെതിരെ ജനരോഷം ശക്തമാണ്.










0 comments