ad
Deshabhimani

കളിമണ്ണിൽ വിരിഞ്ഞ ഫ്രഞ്ച് വസന്തം

യാശോദയും രമയും മുണ്ടൂർ ഐആർടിസിയിൽ ജോലിക്കിടെ
വെബ് ഡെസ്ക്

Published on Jul 25, 2026, 02:00 AM | 1 min read

സ്വാതി സുജാത

പാലക്കാട്‌ "

സ്റ്റീലും പ്ലാസ്റ്റിക്കും വിപണി കൈയേറിയതോടെ ഞങ്ങളുടെ ജീവിതം വഴിമുട്ടിയതാണ്‌. എന്നാലിന്ന് ഞങ്ങൾ വെറും കളിമൺ തൊഴിലാളികളല്ല, ആർട്ടിസ്റ്റുകളാണ്.' – പാലക്കാട് മുണ്ടൂർ ഐആർടിസി യൂണിറ്റിലിരുന്ന് യശോദയും രമയും ഇത് പറയുമ്പോൾ ആ വാക്കുകളിലാകെ അതിജീവനത്തിന്റെ ആത്മവിശ്വാസമാണ്‌. ചട്ടികളും കലങ്ങളും നിർമിച്ച് വിപണിയിൽ നിലനിൽപ്പിനായി പോരാടിയ ഒരു ജനവിഭാഗത്തെ ശാസ്ത്രത്തിന്റെ ലളിതമായ കൂട്ടുകൾകൊണ്ട് ആഗോള വിപണിയിലെത്തിച്ച കഥയാണ് 1987-ൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിനു കീഴിൽ ആരംഭിച്ച ഇന്റഗ്രേറ്റഡ് റൂറൽ ടെക്‌നോളജി സെന്ററിന്‌ (ഐആർടിസി) പറയാനുള്ളത്. ഒരുകാലത്ത് പാലക്കാടൻ ഗ്രാമങ്ങളിൽ സജീവമായിരുന്ന കളിമൺ വ്യവസായം കടുത്ത പ്രതിസന്ധിയിലായപ്പോഴാണ് ഐആർടിസി ശാസ്ത്രീയമായ ഇടപെടലുകൾ നടത്തുന്നത്. കഠിനാധ്വാനം കുറയ്ക്കാൻ മോട്ടോർ ഘടിപ്പിച്ച ആധുനിക ചക്രങ്ങൾ, കളിമണ്ണ് വേഗത്തിൽ പാകപ്പെടുത്താൻ പഗ് മില്ലുകൾ, വിറക് കുറച്ചുമാത്രം വേണ്ടിവരുന്ന ശാസ്ത്രീയ ചൂളകൾ എന്നിവ ഇവർ തൊഴിലാളികൾക്ക് പരിചയപ്പെടുത്തി. ഇതോടെ ഉൽപ്പാദനം ഇരട്ടിയായി. സാങ്കേതികവിദ്യക്കൊപ്പം ആഗോള വിപണി കണ്ടെത്താൻ ഫ്രഞ്ച് ചിത്രകലാശൈലിയായ ‘ഡെകൂപേജ്'കൂടി പരീക്ഷിച്ചതോടെ സംഗതി ക്ലിക്കായി. സാധാരണ കളിമൺ പാത്രങ്ങളിൽ മനോഹരമായ പേപ്പർ ഡിസൈനുകൾ പതിപ്പിച്ച് പ്രത്യേക കോട്ടിങ്ങും നൽകി മോടിപിടിപ്പിക്കുന്ന രീതിയാണിത്. ഇതോടെ 50 രൂപയ്ക്ക് വിറ്റിരുന്ന ചട്ടികൾ 3000 രൂപവരെ വിലമതിക്കുന്ന ആഡംബര വസ്തുക്കളായി മാറി. പൂച്ചട്ടികൾ, ലൈറ്റ് ഷേഡുകൾ, ആഭരണങ്ങൾ എന്നിവയെല്ലാം ഇന്ന് ഇവിടെ ഒരുങ്ങുന്നുണ്ട്‌. 16 വർഷമായി യശോദയും രമയുമടക്കം നിരവധി സ്ത്രീകൾ സജീവമാണ്. ജില്ലയിലെ കോട്ടായി, പുളിനെല്ലി, പുതുക്കോട്, ആലത്തൂർ, പറളി തുടങ്ങി എഴുപതോളം നഗറുകളിലെ നൂറുകണക്കിന് കുടുംബങ്ങൾ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്‌. വീട്ടുജോലികളിൽ മാത്രം ഒതുങ്ങിയിരുന്ന ഇവർ ഇന്ന് രാജ്യാന്തര നിലവാരത്തിലുള്ള ഉൽപ്പന്നങ്ങൾ നിർമിച്ച് സ്വന്തമായി വരുമാനം കണ്ടെത്തുന്നു. വിദേശത്തുനിന്നുൾപ്പെടെ ഇവർക്ക് ഓൺലൈൻ ഓർഡറുകൾ ലഭിക്കുന്നുണ്ട്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home