print edition പ്രധാന്റെ രാജിയിൽ ഉറച്ച് പ്രതിപക്ഷം


സ്വന്തം ലേഖകൻ
Published on Jul 25, 2026, 02:48 AM | 1 min read
ന്യൂഡൽഹി : കേന്ദ്ര സർക്കാരിനെ മുൾമുനയിൽ നിർത്തി നീറ്റ് ചോദ്യചോർച്ചാ വിഷയത്തിൽ പ്രതിപക്ഷം നിലപാട് കടുപ്പിച്ചതോടെ പാർലമെന്റ് തുടർച്ചയായ അഞ്ചാം ദിവസവും സ്‌തംഭിച്ചു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയില്ലാതെ മറ്റ് മാർഗമില്ലെന്ന് പ്രതിപക്ഷം ഉറപ്പിച്ചതോടെ വെള്ളിയാഴ്‌ചയും നടപടികൾ പലവട്ടം സ്‌തംഭിച്ചു. തുടർന്ന് ഇരുസഭകളും തിങ്കളാഴ്‌ചത്തേക്ക് പിരിഞ്ഞു.
പ്രതിഷേധങ്ങൾക്കിടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രാജ്യസഭയിൽ വന്ദേമാതരത്തെ അവഹേളിക്കുന്നവർക്ക് ശിക്ഷ ഉറപ്പാക്കുന്ന ബിൽ അവതരിപ്പിച്ചു. ദേശീയപതാക, ഭരണഘടന, ദേശീയഗാനം തുടങ്ങിയവയെ അവഹേളിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവ് ഉറപ്പാക്കുന്ന 1971ലെ നിയമത്തിൽ ദേശീയഗീതമായ വന്ദേമാതരത്തെ കൂടി ഉൾപ്പെടുത്തുന്നതാണ് ഭേദഗതി ബിൽ. രാജ്യസ്‌നേഹവും ദേശാഭിമാനവും നിയമഭേദഗതിയിലൂടെ അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ച് സിപിഐ എം രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസ് ബിൽ അവതരണത്തെ എതിർത്തു.ചോദ്യചോർച്ചയിൽ പ്രധാനമന്ത്രി പാർലമെന്റിന് വിശദീകരണം നൽകണമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. പിന്നാലെ, പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി.
നീറ്റിൽ ചർച്ചയ്‌ക്ക് തയ്യാറാകണമെന്ന് ലോക്‌സഭയിൽ മന്ത്രി കിരൺ റിജിജു പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. എന്നാൽ, പ്രധാൻ രാജിവെക്കാതെ ചർച്ചയ്‌ക്കില്ലെന്നതാണ് പ്രതിപക്ഷത്തിന്റെ ഒറ്റക്കെട്ടായ തീരുമാനമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ അറിയിച്ചു.









0 comments