ജനവാസമേഖലയിൽ കരടി

കൊല്ലങ്കോട്
നെന്മാറ അളുവശേരി ചേരുംകാട് പ്രദേശത്ത് ജനവാസ മേഖലയിൽ കരടിയുടെ സാന്നിധ്യം. ഞായർ രാത്രി എട്ടോടെ പ്രദേശവാസിയായ വാസുവിന്റെ വീടിനുപിന്നിലെ പറമ്പിലാണ് കരടിയെ കണ്ടത്. നായ്ക്കൾ നിർത്താതെ കുരച്ചതിനെത്തുടർന്ന് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് മരച്ചുവട്ടിൽ കരടിയെ കണ്ടത്. വീട്ടുകാർ ശബ്ദമുണ്ടാക്കി ഓടിക്കാൻ ശ്രമിച്ചെങ്കിലും ഏകദേശം ഒരു മണിക്കൂറോളം കരടി പ്രദേശത്ത് തുടരുകയായിരുന്നു. വീട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ചാണ് കരടിയെ പ്രദേശത്തുനിന്ന് ഓടിച്ചത്. വനമേഖലയോട് ചേർന്ന പ്രദേശമാണെങ്കിലും ഇവിടെ നിലവിൽ ഫെൻസിങ് ഇല്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനുമുമ്പ് പ്രദേശത്ത് പുലിയെ കണ്ടിട്ടുണ്ട്. കരടിയുടെ സാന്നിധ്യംകൂടി സ്ഥിരീകരിച്ചതോടെ രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന സാഹചര്യമാണ്. സംഭവമറിഞ്ഞ് കെ പ്രേമൻ എംഎൽഎ സ്ഥലത്തെത്തി. വന്യമൃഗങ്ങളുടെ സാന്നിധ്യം നിയന്ത്രിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എംഎൽഎ വനം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പ്രദേശത്ത് 24 മണിക്കൂർ പട്രോളിങ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും കരടിയെ കണ്ട ഭാഗത്ത് പരിശോധന നടത്തുമെന്നും വനം റേഞ്ച് ഓഫീസർ മുരുകദാസ് അറിയിച്ചു. പ്രദേശത്ത് കമ്പിവേലി ഇല്ലാത്തതാണ് വന്യമൃഗങ്ങൾ കൂടുതലായി ജനവാസമേഖലയിലേക്ക് എത്താൻ കാരണം.










0 comments