എടുത്തു മണ്ണും മണലും 6.10 ലക്ഷം ക്യുബിക് മീറ്റർ

വാളയാർ അണക്കെട്ടിൽനിന്ന് ഖനനം ചെയ്ത മണൽ
എസ് നന്ദകുമാർ
Published on Mar 12, 2025, 02:00 AM | 1 min read
വാളയാർ
അതിർത്തി പ്രദേശങ്ങളിലെയും കിഴക്കൻ മേഖലയിലെയും കർഷകരുടെ പ്രധാന ആശ്രയമായ വാളയാർ അണക്കെട്ട് ആഴം കൂട്ടാനും ചെളി നീക്കാനുമായി നടത്തുന്ന ഖനനം 50 ശതമാനം പൂർത്തിയായി. ഡാം ഡീസിൽറ്റേഷൻ (അണക്കെട്ട് പുനരുദ്ധാരണം) പദ്ധതിയുടെ ഭാഗമായി പ്രത്യേക പ്ലാന്റ് സ്ഥാപിച്ചാണ് ഖനനം. ഇതുവരെയായി 6.10 ലക്ഷം ക്യുബിക്മീറ്റർ മണ്ണും മണലും എടുത്തു. ഇതിൽ 10,000 ക്യുബിക് മീറ്റർ മണലും 70,000 ക്യുബിക് മീറ്റർ മണ്ണും വിൽപ്പന നടത്തി. രണ്ട് ഏജൻസികളാണ് നിലവിൽ ടെൻഡർ എടുത്തിട്ടുള്ളത്. മണൽ 50,000 ക്യൂബിക് മീറ്ററും മണ്ണ് ഒന്നര ലക്ഷം ക്യൂബിക് മീറ്ററുമാണ് ടെൻഡർ അളവ്. 13 ലക്ഷം ക്യുബിക് മീറ്റർ മണ്ണും മണലുമാണ് ആകെ എടുക്കുക. അഞ്ച് മാസമായി അണക്കെട്ടിൽ വെള്ളം നിറഞ്ഞതിനാൽ ഖനനംചെയ്ത മണലും മണ്ണും ടിപ്പറുകൾ വഴി പുറത്ത് എത്തിക്കാനായില്ല. അതിനാൽ വിൽപ്പന നീണ്ടു. കൂടുതൽ മണലും മണ്ണും സംഭരിച്ചതും താൽക്കാലിക പ്രതിസന്ധിയായി. ന്യൂമാറ്റിക് ട്രഞ്ചിങ് മെഷീൻ ഉപയോഗിച്ച് ഖനനത്തിന് പദ്ധതി ഇട്ടിരുന്നെങ്കിലും അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുമെന്നതിനാൽ ജലസേചനവകുപ്പ് അനുമതി നിഷേധിച്ചു. നിലവിൽ അണക്കെട്ടിലെ വെള്ളം കുറഞ്ഞിട്ടുണ്ട്. ഈ ആഴ്ച തന്നെ ഖനനംചെയ്തെടുത്ത ബാക്കി മണ്ണും മണലും വിൽപ്പനയ്‌ക്ക് കൊണ്ടുപോകും. മൂന്ന് മാസത്തിനുള്ളിൽ 80 ശതമാനം പണി പൂർത്തിയാക്കുകയാണ് ലക്ഷ്യം. കേരള സ്റ്റേറ്റ് മിനറൽ ഡവലപ്മെന്റ് കോർപറേഷൻ (കെംഡെൽ) നേതൃത്വത്തിലാണ് പദ്ധതി. ഹൈദരാബാദ് ആസ്ഥാനമായ അവന്തിക കോൺട്രാക്ടേഴ്സ് ലിമിറ്റഡിനാണ് ഖനന ചുമതല. 2023 ഫെബ്രുവരി രണ്ടിനാണ് ഡീസിൽറ്റേഷൻ പ്ലാന്റ് സ്ഥാപിച്ച് ഖനനം തുടങ്ങിയത്. പ്ലാന്റിൽ മണലും ചെളിയും അരിച്ചെടുക്കുന്ന പ്രക്രിയ ഭൂരിഭാഗവും പൂർത്തിയായി. ഖനനം ചെയ്തെടുക്കുന്ന മിശ്രിതം പ്ലാന്റിലൂടെ ചെളി, എക്കൽ മണ്ണ്, മണൽ എന്നിവ വേർതിരിച്ച് അണക്കെട്ടിനോട് ചേർന്ന് വിവിധയിടങ്ങളിൽ നിക്ഷേപിച്ചിട്ടുണ്ട്. അണക്കെട്ടിലെ വെള്ളത്തിന്റെ ഗുണനിലവാരത്തെ ബാധിക്കാത്ത രീതിയിലും പരിസ്ഥിതിക്ക് ദോഷമാകാത്ത രീതിയിലുമാണ് പദ്ധതി നടപ്പാക്കുന്നത്. മത്സ്യകർഷകരുടെ പുനരധിവാസം ഉറപ്പാക്കിയശേഷമാണ് ഖനനം ആരംഭിച്ചത്.









0 comments