വാളയാറിൽ 25 കിലോ കഞ്ചാവുമായി 4 പേർ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 26, 2025, 02:00 AM | 1 min read


വാളയാർ

ഓണക്കാലത്തെ ലഹരിക്കടത്ത് തടയാൻ വാളയാർ പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന്‌ ദേശീയപാതയിൽ നടത്തിയ വാഹന പരിശോധനയിൽ കാറുകളിൽ കടത്തിയ 25.79 കിലോഗ്രാം കഞ്ചാവുമായി നാലുപേർ പിടിയിലായി. പ്രതികൾ സഞ്ചരിച്ച രണ്ടുകാറും പൊലീസ് കസ്‌റ്റഡിയിലെടുത്തു. മണ്ണാർക്കാട് സ്വദേശികളായ കോടതിപ്പടി കോമേരി ഗാർഡനിൽ പി ടി സയൂൻ സംസ് (22), കുമരംപുത്തൂർ പയ്യനെടം ഷെഹീർ (23), പയ്യനെടം നൊച്ചുള്ളി മരുതംകാട് ഷിയാസ് (19), പള്ളിക്കുന്ന് അരക്കുപറമ്പിൽ റഷീദ് (24) എന്നിവരെയാണ് കഞ്ചാവുമായി പിടികൂടിയത്. പൊലീസ് പരിശോധന കണ്ട് നിർത്താതെ പോയ കാറുകളെ ടോൾപ്ലാസയ്‌ക്കുസമീപം പിന്തുടർന്ന് പിടികൂടുകയായിരുന്നു. കാറിന്റെ ഡിക്കിയിലും സീറ്റിനടിയിലുമാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒഡിഷയിൽനിന്നെത്തിച്ച കഞ്ചാവ് ചെറിയ പൊതികളാക്കി വിദ്യാർഥികൾക്ക്‌ വിൽക്കാനാണ്‌ എത്തിച്ചത്. പ്രവാസിയായ സയൂൻ സംസ് ഒന്നരമാസം മുമ്പാണ് അവധിക്കായി നാട്ടിലെത്തിയതെന്നും മറ്റുള്ളവർ മുമ്പും ലഹരിക്കടത്ത് കേസുകളിൽ ഉൾപ്പെട്ടവരാണെന്നും പൊലീസ് പറഞ്ഞു. വാളയാർ ഇൻസ്പെക്‌ടർ എൻ എസ് രാജീവ്, എസ്‌ഐ ബി പ്രമോദ്, ഗ്രേഡ് എസ്ഐ ആർ അരുൾ, എഎസ്ഐ എസ് രേണുക, സീനിയർ സിപിഒ ആർ രാമസ്വാമി, എസ് സുമേഷ്, വി ശിവകുമാർ എന്നിവർക്കൊപ്പം ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും ചേർന്നാണ് പരിശോധന നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Home