വടക്കഞ്ചേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ
വടക്കഞ്ചേരി
തങ്കം തിയറ്ററിനുസമീപം ബസും ലോറിയും കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്. വെള്ളി രാവിലെ 10 നാണ് അപകടം. പുതുക്കോട്ടിൽ നിന്നും വടക്കഞ്ചേരിയിലേക്ക് യാത്രക്കാരുമായി വന്ന സ്വകാര്യ ബസിൽ ലോറി ഇടിക്കുകയായിരുന്നു. തങ്കം തിയറ്റർ ജങ്‌ഷനിൽനിന്നും ടൗണിലേക്ക് തിരിയുന്നതിനുതൊട്ടുമുമ്പാണ് എതിർദിശയിൽ വന്ന ലോറി ബസിലിടിച്ചത്. നിയന്ത്രണം തെറ്റിയ ലോറി സമീപത്ത് നിർത്തിയിട്ട കാറിലും ബൈക്കിലും ഇടിച്ച് നിന്നു. ദേശീയപാത വടക്കഞ്ചേരി മേൽപ്പാലം പൊളിച്ച് പണിയുന്നതിന്റെ ഭാഗമായി ഗതാഗതം നിയന്ത്രിച്ചതിനെ തുടർന്ന് വഴിതെറ്റി സർവീസ് റോഡിലൂടെ വന്ന ലോറിയാണ് അപകടത്തിനിടയാക്കിയത്. വാഹനങ്ങളിൽ കുടുങ്ങിയ ഡ്രൈവർമാരെയും യാത്രക്കാരെയും വടക്കഞ്ചേരി പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരുംചേർന്ന് ആശുപത്രിയിലാക്കി. പരിക്കേറ്റ 27 പേരെ ആലത്തൂർ അസീസിയ ആശുപത്രിയിലും രണ്ടുപേരെ വടക്കഞ്ചേരി ഡിവൈൻ ആശുപത്രിയിലും ഒരാളെ ഇ കെ നായനാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ചാവക്കാട് തള്ളിപറമ്പ് സി എ കൃഷ്ണൻ (75), പുതുക്കോട് കമ്മാന്തറ രാമചന്ദ്രൻ (68) എന്നിവരുടെ നില ഗുരുതരമാണ്. സംഭവസ്ഥലം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് പരിശോധിച്ചു. പി പി സുമോദ് എംഎൽഎ അപകട സ്ഥലത്തും ആശുപത്രികളിലും എത്തി.








0 comments