രണ്ടുമാസത്തിനിടെ പകർച്ചവ്യാധിയിൽ ജില്ലയിൽ പൊലിഞ്ഞത് 15 പേർ
3 മാസം; 608 പേർക്ക് ഡെങ്കിപ്പനി


സ്വന്തം ലേഖകൻ
Published on Jul 27, 2026, 02:00 AM | 3 min read
പാലക്കാട്
ജില്ലയിൽ മൂന്ന് മാസത്തിനിടെ 608 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ആരോഗ്യ– തദ്ദേശ വകുപ്പുകളുടെ അലംഭാവം കൂടിയായപ്പോൾ ചരിത്രത്തിൽ ഇതുവരെ ഡെങ്കിപ്പനി കാര്യമായി ബാധിക്കാത്ത അട്ടപ്പാടിപോലുള്ള മേഖലകൾ ഹോട്ട് സ്‌പോട്ടുകളായി. ഇൗ മാസം 228 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. 23 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. പതിനഞ്ചുപേരാണ് രണ്ടുമാസത്തിനിടെ പകർച്ചവ്യാധിയിൽ ജില്ലയിൽ പൊലിഞ്ഞത്. 20ന് എച്ച്1 എൻ1 ബാധിച്ച് മരിച്ച മുതുതല സ്വദേശിയായ അഞ്ച് വയസ്സുകാരനാണ് അവസാനം കണ്ടെത്തിയത്. പകർച്ചവ്യാധി വ്യാപനത്തിനുശേഷം ജില്ലയിൽ നാലുപേരാണ് എച്ച്1 എൻ1 ബാധിച്ച് മരിച്ചത്. നാലുപേർ എലിപ്പനി ബാധിച്ച് മരിച്ചു. ഡെങ്കിപ്പനി ബാധിച്ചാണ് ഏറ്റവും കൂടുതൽപേർ മരിച്ചത്, ആറുപേർ. ഒരാൾ ഷിഗല്ലയ്‌ക്കും ഇരയായി. ഇൗ മാസം ഇതുവരെ 23,435 പേരാണ് പനി ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയ്‌ക്കെത്തിയത്. ജൂണിൽ 31,335 പേർ പനിക്ക് ചികിത്സതേടി. സ്വകാര്യ ക്ലിനിക്കുകളിൽ ചികിത്സതേടിയവരെ കൂട്ടിയാൽ ഇത് ഇരട്ടിയാകും. ഡെങ്കിപ്പനി നിരക്ക് ദിനംപ്രതി വർധിക്കുമ്പോഴും പ്രതിരോധ സംവിധാനം ഉണർന്ന് പ്രവർത്തിക്കുന്നില്ലെന്ന പരാതിയുണ്ട്. കൂടുതൽ പ്രതിരോധ പ്രവർത്തനം ആവശ്യമായ സാഹചര്യത്തിലും ആരോഗ്യ മന്ത്രിയുടെയും ജില്ലയെ പ്രതിനിധീകരിക്കുന്ന മന്ത്രിമാരുടെയും ശ്രദ്ധ ഉണ്ടായിട്ടില്ല. അതിവേഗം തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിച്ചില്ലെങ്കിൽ ജീവനുതന്നെ അപകടമാണ് ഡെങ്കിപ്പനി. ഉയർന്ന പനി, പേശികളിലും സന്ധികളിലും വേദന, കഠിനമായ തലവേദന, കണ്ണുകളുടെ പിൻഭാഗത്തുള്ള വേദന, ശരീരത്തിൽ ചുവന്ന പാടുകൾ, ഓക്കാനം, ഛർദി, അതിസാരം എന്നിവയാണ് ലക്ഷണങ്ങൾ. മഴ കുറഞ്ഞ സാഹചര്യത്തിലും മാലിന്യങ്ങൾ നീക്കാനോ പ്രതിരോധ പ്രവർത്തനം ഉൗർജിതപ്പെടുത്താനോ അധികൃതർ തയ്യാറായിട്ടില്ല.
മഴയെത്തി, ആഫ്രിക്കൻ ഒച്ചും
സ്വന്തം ലേഖകൻ
പാലക്കാട്
മഴ തുടങ്ങിയതോടെ ആഫ്രിക്കൻ ഒച്ചുകളെക്കൊണ്ട് പൊറുതിമുട്ടി നാട്. വഴിയോരത്തും കൃഷിയിടങ്ങളിലും കൂട്ടത്തോടെയാണ് ഒച്ചുകൾ എത്തുന്നത്. കേരളശേരി തടുക്കശേരിയിൽ അമ്പതോളം വീടുകളാണ് ആഫ്രിക്കൻ ഒച്ചുകളുടെ ഭീഷണിയിൽ വലയുന്നത്. പുറംതോട് നിർമിക്കാൻ കാത്സ്യം ആവശ്യമായതിനാൽ വീടുകളിലെ ചുമർ, മതിൽ, കുമ്മായം, മണൽ, തടി എന്നിവയിൽ സ്ഥിരം സാന്നിധ്യമാണ്. റബർ, ചേന, ചേമ്പ്, ഇഞ്ചി, വാഴ, പപ്പായ, മഞ്ഞൾ, തക്കാളി, കൊക്കോ, കിഴങ്ങുവിളകൾ തുടങ്ങിയ കൃഷികളും നശിപ്പിക്കുന്നുണ്ട്. വീടിന് പരിസരത്ത് ഉപ്പ് വിതറിയിട്ടും വ്യാപനം ഇല്ലാതാക്കാൻ കഴിയുന്നില്ലെന്നാണ് കുടുംബങ്ങളുടെ പരാതി. ഏഴുമുതൽ 20 സെന്റിമീറ്റർവരെ നീളമുള്ള ഭീമൻ ഒച്ചുകൾ വിവിധ രാജ്യങ്ങളിൽനിന്ന് തടിയും മറ്റും ഇറക്കുമതിയിലൂടെയാണ് ഇവിടെ എത്തിയത്. 2018ലെയും 2019ലെയും വെള്ളപ്പൊക്കത്തിലൂടെയാണ് സംസ്ഥാനത്ത് വ്യാപിച്ചത്. "അക്കാറ്റിന ഫ്യൂളിക്ക'യെന്ന ശാസ്‌ത്ര നാമത്തിൽ അറിയപ്പെടുന്ന ആഫ്രിക്കൻ ഒച്ചുകൾക്ക് ഇണചേരാതെ പ്രത്യുൽപ്പാദനം നടത്താനാകും. ഒറ്റത്തവണ എണ്ണൂറോളം മുട്ടയിടും. മണ്ണിനടിയിലാണ് മുട്ടകൾ സൂക്ഷിക്കുക. പുറംതോടിനുള്ളിലേക്ക് വലിഞ്ഞുകൂടി അഞ്ചുമുതൽ 10 വർഷംവരെ ജീവിക്കാനാകും. അതിൽ മൂന്നു വർഷംവരെ ഭക്ഷണം കഴിക്കാതെയും ജീവിക്കാം. കാർഷിക വിളകൾക്ക് മാത്രമല്ല മനുഷ്യനും ആപത്താണ്. ഒച്ചുകളുടെ ശരീരത്തിൽ പരാദ വിരകളുടെ സാന്നിധ്യമുണ്ട്. ഒച്ചുകളെ കൈകൊണ്ട് തൊടുമ്പോഴോ, അവ ഇഴഞ്ഞുപോയ പച്ചക്കറികളും പഴങ്ങളും ശരിയായി കഴുകാതെ കഴിക്കുമ്പോഴോ വിരകളുടെ ലാർവകൾ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നു. ഇത് മെനിഞ്ചൈറ്റിസ് പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നു. നിയന്ത്രിച്ചില്ലെങ്കിൽ ജീവഘടനയ്‌ക്കുവരെ ആഘാതമുണ്ടാക്കുമെന്നാണ് പഠനം.
മഴയുണ്ടാകും ജാഗ്രതവേണം
പാലക്കാട്
വരുംദിവസങ്ങളിൽ ജില്ലയിൽ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ ജാഗ്രതാ നിർദേശങ്ങളില്ല. 15.6 മില്ലിമീറ്റർ മുതൽ 64.5 മില്ലിമീറ്റർവരെ മിതമായ മഴ ലഭിച്ചേക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മിന്നലിന്റെ ലക്ഷണം കണ്ടാൽ തുറസായ സ്ഥലങ്ങളിൽനിന്ന് സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറണം. വാതിലിനും ജനലിനും അടുത്ത് നിൽക്കുന്നതും കിടക്കുന്നതും ഒഴിവാക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിച്ച് ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കുക. മിന്നലിൽ മരങ്ങൾക്കുചുവട്ടിൽ നിൽക്കുന്നതും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും വളർത്തുമൃഗങ്ങളെ കെട്ടിയിടുന്നതും ഒഴിവാക്കണം. മഴയുള്ളപ്പോൾ സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ തുറന്ന വാഹനങ്ങളിലുള്ള യാത്രകൾ ഒഴിവാക്കാം. മിന്നലേറ്റാൽ പ്രഥമ ശുശ്രൂഷ നൽകാൻ മറക്കരുത്. പ്രഥമ ശുശ്രൂഷ നൽകിയാൽ ഉടൻ ആശുപത്രിയിലെത്തിക്കുക. ഇടിമിന്നൽ സാധ്യത മനസ്സിലാക്കാൻ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ‘ദാമിനി’ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാമെന്നും സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചിരുന്നു. എന്നാൽ, ഇപ്പോഴും ജില്ലയിൽ ആവശ്യത്തിനുള്ള മഴ ലഭിച്ചിട്ടില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകളിൽ പറയുന്നത്. ജൂൺ ഒന്നുമുതൽ ഇതുവരെ 39 ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 907.1 മില്ലി മീറ്റർ മഴ ലഭിക്കേണ്ടതിനുപകരം 553.7 മില്ലിമീറ്ററാണ് ലഭിച്ചത്.
നിയന്ത്രണം ഇങ്ങനെ...
വീടുകളിലും പരിസരങ്ങളിലും ഉപ്പ്, തുരിശ്, പുകയില എന്നിവ കലക്കിയ വെള്ളം തെളിക്കുന്നത് നിയന്ത്രിക്കാനുള്ള മികച്ച മാർഗമാണ്. കാർഷിക വിളകളിൽ ബോർഡോ മിശ്രിതം തളിക്കാം. വീട്ടുപരിസരങ്ങളിലെയും കൃഷിയിടത്തിലെയും കുറ്റിച്ചെടികൾ, മാലിന്യം എന്നിവ നശിപ്പിച്ച് പരിസരശുചിത്വം പാലിക്കണം. കൃഷിയിടങ്ങൾ നന്നായി കിളച്ചുമറിച്ചിടുന്നതും ഉത്തമം. നിയന്ത്രണ വേളയിൽ കൈയുറ ധരിക്കാൻ മറക്കരുത്. വീട്ടുപറമ്പിൽനിന്നും വിപണിയിൽനിന്നും വാങ്ങുന്ന പച്ചക്കറികളും ഇലക്കറികളും പാകം ചെയ്യുന്നതിനുമുമ്പ് നന്നായി കഴുകുക. ഉപ്പുവെള്ളത്തിലോ വിനാഗിരി ഒഴിച്ച വെള്ളത്തിലോ കഴുകുന്നത് കൂടുതൽ നല്ലത്. ഭക്ഷ്യവസ്തുക്കൾ വേവിച്ചുമാത്രം കഴിക്കുക.










0 comments