പുതുപ്പരിയാരത്ത് റെയില്‍ വേലിക്ക്‌ 18 കോടിയുടെ പദ്ധതി

മനുഷ്യ –- വന്യജീവി സംഘർഷ ലഘൂകരണ നിയന്ത്രണസമിതി 
അവലോകന യോഗത്തിൽ മന്ത്രി കെ കൃഷ്ണൻകുട്ടി സംസാരിക്കുന്നു
avatar
സ്വന്തം ലേഖകൻ

Published on Jul 06, 2025, 12:49 AM | 2 min read

പാലക്കാട്‌

പുതുപ്പരിയാരം പഞ്ചായത്തിലെ വനയോര മേഖലകളിൽ മൃഗങ്ങൾ കാടിറങ്ങുന്നത്‌ തടയാൻ റെയിൽ വേലി സ്ഥാപിക്കാൻ 18 കോടി രൂപയുടെ പദ്ധതി സർക്കാരിന് സമർപ്പിക്കും. ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന മനുഷ്യ–- വന്യജീവി സംഘർഷ ലഘൂകരണ നിയന്ത്രണസമിതി അവലോകന യോഗത്തിൽ മന്ത്രി കെ കൃഷ്ണൻകുട്ടിയാണ്‌ ഇക്കാര്യം അറിയിച്ചത്‌. അദ്ദേഹവും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ബിനുമോൾ, കലക്ടർ ജി പ്രിയങ്ക എന്നിവരും മന്ത്രി എ കെ ശശീന്ദ്രനുമായി ചർച്ച നടത്തിയിരുന്നു. അതിനുശേഷമാണ്‌ റെയിൽ വേലി പദ്ധതിയിൽ ധാരണയായത്‌. വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ ജനജാഗ്രതാ സമിതിക്കുപുറമെ പഞ്ചായത്ത് തലത്തിൽ പൊലീസ്, -വനംവകുപ്പ് സംഘം രൂപീകരിക്കണമെന്ന്‌ യോഗത്തിൽ നിർദേശം ഉയർന്നു. റേഞ്ച്‌തലത്തിൽ പ്രാദേശിക ഷൂട്ടർമാരെ ഉൾപ്പെടുത്തി പാനൽ വേണം. യൂക്കാലിപ്‌റ്റസ്‌ മരങ്ങൾക്ക് പകരമായി പ്ലാവ് പോലുള്ള ഫലവൃക്ഷങ്ങൾ നടാനായാൽ ഒരു പരിധിവരെ മൃഗങ്ങൾ നാട്ടിലിറങ്ങുന്നത്‌ തടയാമെന്നും അഭിപ്രായമുണ്ടായി മുണ്ടൂർ ഫോറസ്‌റ്റ്‌ സെക്ഷനിൽ അടിക്കാടുകൾ വെട്ടിത്തെളിച്ചിട്ടുണ്ടെന്ന്‌ മന്ത്രി പറഞ്ഞു. 
തെരുവ് വിളക്കുകൾക്കായി 20 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കും. വൈദ്യുതി ലൈൻ വലിക്കാൻ സാധിക്കാത്ത വന്യമൃഗ ശല്യമുള്ള പട്ടികജാതി-,വർഗ ഉന്നതികളിലുൾപ്പെടെ സോളാർലൈറ്റുകൾ സ്ഥാപിക്കും. സൗരോർജ വേലിക്കായി ഓരോ പഞ്ചായത്തും തുക മാറ്റിവയ്ക്കണമെന്നും മന്ത്രി പറഞ്ഞു. ഡിവിഷണൽ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെയും(ഡിഎഫ്ഇഒസി), ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിന്റെയും ഏകോപനത്തിൽ കൃത്യമായി വിവരം ലഭിക്കുന്നുണ്ടെന്ന് കലക്ടർ ജി പ്രിയങ്ക അറിയിച്ചു. ജനജാഗ്രതാ സമിതി രൂപീകരിക്കാത്ത 67 പഞ്ചായത്തുകൾ 15നകം രൂപീകരിക്കണമെന്നും നിർദേശിച്ചു. ജില്ലയിൽ 51 തദ്ദേശ സ്ഥാപനങ്ങളിൽ പ്രാഥമിക പ്രതികരണ സംഘം രൂപീകരിച്ചുവെന്നും പാലക്കാട് ഡിവിഷനിൽ 60 പേർക്ക് പാമ്പിനെ കൈകാര്യം ചെയ്യാൻ പരിശീലനം നൽകിയെന്നും വനംവകുപ്പ്‌ അറിയിച്ചു. ജില്ലയിലെ എട്ട്‌ ആരോഗ്യ സ്ഥാപനങ്ങളിലായി 5604 ഡോസ്‌ ആന്റിവെനം ലഭ്യമാണ്. പാലക്കാട് ഡിഎഫ്ഒ രവികുമാർ മീണ, പഞ്ചായത്ത് പ്രതിനിധികൾ, വനംവകുപ്പ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


പുതിയ ‘സർപ്പ’ വളന്റിയർമാർ

പാലക്കാട്‌

പാലക്കാട് സാമൂഹ്യ വനവൽക്കരണ വിഭാഗം നടത്തിയ സർപ്പ വളന്റിയർമാരുടെ പുതിയ ബാച്ചിന്റെ പരിശീലനം പൂർത്തിയായി. സമാപനം കലക്ടർ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്തു. ഈസ്റ്റേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ വിജയാനന്ദൻ അധ്യക്ഷനായി. ജില്ലാ പൊലീസ് മേധാവി അജിത്കുമാർ മുഖ്യാതിഥിയായി. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രവികുമാർ മീണ, അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസ് രാജേഷ് കുമാർ, സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ഓഫീസർ സുമു സ്കറിയ, സി പി അനീഷ്, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ വൈ മുഹമ്മദ് അൻവർ, അനന്യ, മണ്ണാർക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ പി ജിനേഷ്‌ എന്നിവർ സംസാരിച്ചു.


നഷ്ടപരിഹാരം കൈമാറി

കാട്ടാന ആക്രമണത്തിൽ മരിച്ച അലൻ ജോസഫ്, കുമാരൻ എന്നിവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി അഞ്ചുലക്ഷം രൂപവീതം കൈമാറിയിട്ടുണ്ടെന്ന് കലക്ടർ പറഞ്ഞു. കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ്‌ കിടപ്പിലായ ആന്റണിയുടെ വീട്ടിലേക്കുള്ള വഴി സഞ്ചാര യോഗ്യമാക്കാൻ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഡിഎഫ്ഒയുടെ നേതൃത്വത്തിൽ പ്രവൃത്തി ആരംഭിക്കാൻ നിർദേശം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home