അറിവുത്സവത്തിന്റെ 14 പതിപ്പുകൾ


അഖില ബാലകൃഷ്‌ണൻ
Published on Sep 27, 2025, 12:00 AM | 1 min read
പാലക്കാട്
അറിവിന്റെ മുറ്റത്ത് അക്ഷരപ്പൂക്കൾ വിടർന്ന നീണ്ട 14 പതിപ്പുകൾ. പാഠപുസ്തകത്തിനപ്പുറം വിജ്ഞാനത്തിന്റെ മറ്റൊരുലോകം വിദ്യാർഥികൾക്കുമുന്നിൽ തുറന്ന ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് ഉപജില്ലാ മത്സരമാണ് ശനിയാഴ്‌ച. കേവലം ചോദ്യോത്തര പരിപാടിക്കപ്പുറം അറിയാനും അറിവ് പങ്കിടാനും വിദ്യാർഥികൾക്ക് അക്ഷരമുറ്റം പ്രേരണയായി. മത്സരമല്ല, അറിവിലേക്കുള്ള പ്രയാണമാണിതെന്ന സന്ദേശം നൽകുകയാണ് ദേശാഭിമാനി. വിരൽത്തുന്പത്ത് എല്ലാമെത്തുന്ന എഐ കാലത്ത് ഓർമയിൽ ഒരുകൂട്ടം അറിവുകൾ സൂക്ഷിക്കണമെന്നുകൂടിയുള്ള തിരിച്ചറിവായി മാറുകയാണ് ഓരോ വേദിയും. സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ച് ഇന്ന് ഏഷ്യയിൽതന്നെ നടക്കുന്ന ഏറ്റവും വലിയ അറിവുത്സവമാണ് അക്ഷരമുറ്റം ടാലന്റ്ഫെസ്റ്റ്. സംസ്ഥാനതലത്തിൽ എല്ലാ ജില്ലകളിലും മുഴുവൻ സ്കൂളിലും ഒരേ ചോദ്യത്തിൽ ഒരേ സമയം നടക്കുന്ന വിജ്ഞാനമാമാങ്കം. അറിവിനൊപ്പം തിരിച്ചറിവുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാനുള്ള ദേശാഭിമാനിയുടെ ശ്രമത്തിന്റെ ഭാഗമായാണ് അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ഉടലെടുക്കുന്നത്. ചോദ്യോത്തരത്തെ കൂടാതെ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ഇൗ വർഷംമുതൽ നടത്തുന്ന പ്രസംഗ മത്സരവും ഇൗ ശ്രമത്തിന്റെ ഭാഗമാണ്. അതോടൊപ്പം ശാസ്‌ത്രബോധം വർളത്തുന്നതിന് ജില്ലാ തലത്തിൽ ശാസ്‌ത്ര പാർലമെന്റും സംഘടിപ്പിക്കുന്നുണ്ട്. ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലാണ് അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിന്റെ ബ്രാൻഡ് അംബാസിഡർ.









0 comments