വേനൽച്ചൂടിൽ 1,128 തീപിടിത്തങ്ങൾ


സ്വന്തം ലേഖകൻ
Published on Apr 27, 2026, 02:00 AM | 1 min read
പാലക്കാട്
കൊടുംചൂടിൽ ജില്ലയിൽ തീപിടിത്തങ്ങൾ വർധിക്കുന്നതിൽ ആശങ്ക. ഇൗ വേനലിൽ ഇതുവരെ 1,128 തീപിടിത്തങ്ങളാണ് വിവിധ അഗ്നിശമന നിലയങ്ങൾക്കുകീഴിൽ റിപ്പോർട്ട് ചെയ്തത്. പാലക്കാട് അഗ്നിശമന നിലയത്തിന്റെ പരിധിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 265 തീപിടിത്തങ്ങൾ കഴിഞ്ഞ രണ്ടുമാസത്തിനുള്ളിലുണ്ടായി. രണ്ടാം സ്ഥാനത്തുള്ള ആലത്തൂരിൽ 147 കേസുകളും ഷൊർണൂരിൽ 120 കേസുകളും റിപ്പോർട്ട് ചെയ്തു. എലപ്പുള്ളി, പള്ളത്തേരി, പുതുശേരി, കഞ്ചിക്കോട് തുടങ്ങിയ മേഖലകളിൽ ഏക്കറുകളോളം പുൽക്കാടുകളും മരങ്ങളും കത്തിനശിച്ചു. ഒരേസമയം പലയിടങ്ങളിൽ തീപിടിത്തമുണ്ടായ സംഭവങ്ങളുമുണ്ടായി. വേനൽക്കാലത്ത് അന്തരീക്ഷ ഊഷ്മാവ് വർധിക്കുന്നത് അലക്ഷ്യമായി ഉപേക്ഷിച്ച വസ്തുക്കൾ പെട്ടെന്ന് കത്താൻ ഇടയാക്കുന്നു. ചെറിയൊരു തീപ്പൊരി പോലും കാറ്റിലൂടെ അതിവേഗം കിലോമീറ്ററുകളോളം പടരാൻ കാരണമാകുന്നു. പറമ്പുകളിൽ ഉപേക്ഷിക്കപ്പെട്ട ഗ്ലാസ് കഷ്ണങ്ങൾ ലെൻസ് പോലെ പ്രവർത്തിച്ച് സൂര്യപ്രകാശം കേന്ദ്രീകരിക്കുകയും ഉണങ്ങിയ പുല്ലിന് തീപിടിക്കുകയും ചെയ്യാമെന്ന് അഗ്നിശമന സേനാംഗങ്ങൾ മുന്നറിയിപ്പ് നൽകി.
◆സർവം സജ്ജം
തീപിടിത്തങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതയോടെയാണ് ജില്ലയിൽ അഗ്നിരക്ഷാ സേനയുടെ പ്രവർത്തനം. ഒമ്പത് അഗ്നിരക്ഷാ നിലയങ്ങളിലും വാഹനങ്ങളും തീയണയ്ക്കാനുള്ള സാമഗ്രികളും സജ്ജമാക്കിയിട്ടുണ്ട്. വലിയ തീപിടിത്തങ്ങളിൽ പാലക്കാട്, ചിറ്റൂർ അഗ്നിരക്ഷാനിലയത്തിലെ സേനാംഗങ്ങളും കഞ്ചിക്കോട് മേഖലയിലെത്താറുണ്ട്. പാലക്കാട് നഗരപരിധിയിൽ ആറ് വാഹനങ്ങളുണ്ട്. വ്യാവസായിക പ്രാധാന്യമുള്ള കഞ്ചിക്കോട് മേഖലയിൽ സാധാരണ വെള്ളം ഉപയോഗിച്ച് അണയ്ക്കാൻ കഴിയാത്ത രാസ അഗ്നിബാധകൾ നേരിടാൻ പ്രത്യേക ഫോം ടെൻഡറുകൾ സജ്ജമാണ്. എന്നാൽ, നദികളിൽ ജലലഭ്യത കുറഞ്ഞത് സേനയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
മുൻകരുതലുകൾ
◆ ഉണങ്ങിയ പുല്ലും കരിയിലയും പറമ്പിലിട്ട് കത്തിക്കുന്നത് പൂർണമായും ഒഴിവാക്കുക ◆ പുകവലിച്ചശേഷം സിഗരറ്റ് കുറ്റികൾ ഉണങ്ങിയ പുല്ലിലേക്കോ റോഡരികിലേക്കോ വലിച്ചെറിയരുത് ◆ വീടിനും കെട്ടിടങ്ങൾക്കും ചുറ്റുമുള്ള ഉണങ്ങിയ പുല്ലും കാടും വെട്ടിത്തെളിച്ച് വൃത്തിയാക്കി വയ്‌ക്കുക
◆ ഓർക്കുക
തീപിടിത്തമുണ്ടായാൽ ഉടൻതന്നെ ഫയർ ഫോഴ്സിനെ 101 എന്ന നമ്പറിലോ അടുത്തുള്ള ഫയർ സ്റ്റേഷനിലോ വിവരമറിയിക്കുക. വലിയ തീയാണെങ്കിൽ അണയ്ക്കാൻ ശ്രമിക്കാതെ വേഗത്തിൽ സുരക്ഷിതമായ ഇടത്തേയ്‌ക്ക് മാറുക. കെട്ടിടങ്ങളിൽ തീപിടിത്തമുണ്ടായാൽ ലിഫ്റ്റ് ഉപയോഗിക്കരുത്, ഗോവണി വഴി താഴേക്ക് ഇറങ്ങുക











0 comments