ad
Deshabhimani

മഴക്കുറവും ഇന്ധനവില വർധനയും

പച്ചക്കറി പൊള്ളുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 01, 2026, 12:01 AM | 1 min read

സ്വന്തം ലേഖകൻ

പാലക്കാട്‌

മൺസൂണിലെ മഴക്കുറവും ഉൽപ്പാദനകേന്ദ്രങ്ങളിൽ വിള പറിക്കുന്നതിലെ കാലതാമസവും കാരണം പച്ചക്കറി വില കുതിക്കുന്നു. ഇതോടൊപ്പം ഇന്ധനവില വർധനയും കേരളത്തിലേക്കുള്ള പച്ചക്കറിവിലയിൽ വൻവർധനയ്‌ക്ക്‌ ഇടയായി. തക്കാളി, ബീൻസ്, കാബേജ്, കാരറ്റ് തുടങ്ങിയ പെട്ടെന്ന് കേടാകുന്നവയുടെ വിലയിൽ ഗണ്യമായ വർധനയുണ്ട്. ചിലയിടങ്ങളിൽ കിലോയ്ക്ക് 60 രൂപവരെ വില ഉയർന്നു. ഉ‍ൗട്ടിയിൽനിന്നുള്ള നല്ലയിനം ബീൻസിന്‌ 90 രൂപയാണ്‌ വില. ബീറ്റ്‍റൂട്ടിന്‌ നേരത്തെ 60 രൂപയുണ്ടായിരുന്നത്‌ ഇപ്പോൾ 70 ആയി. കാരറ്റ്‌ 50–70, അവരക്ക 50–70, ചെറിയുള്ളി 50–70 എന്നിങ്ങനെയും വിലവർധിച്ചു. മഴ താളം തെറ്റിയതിനാൽ ഉൽപ്പാദനം കുറഞ്ഞതാണ്‌ വിലവർധിക്കാൻ കാരണമെന്ന്‌ വ്യാപാരികൾ പറയുന്നു. എല്ലാ വർഷവും സ‍ീസണിൽ വിലവർധന അനുഭവപ്പെടാറുണ്ട്‌. പിന്നീട്‌ വിലകുറയാറാണ്‌ പതിവ്‌. ഇത്തവണ കുറയുന്നില്ല. കർണാടകയിലെ മൈസൂരു, തമിഴ്‌നാട്ടിലെ മേട്ടുപ്പാളയം, തലവാടി, ഒട്ടൻഛത്രം തുടങ്ങിയ ഇടങ്ങളിൽനിന്നാണ്‌ കേരളത്തിലേക്ക്‌ പച്ചക്കറി എത്തുന്നത്‌. ഇന്ധനവില വർധിച്ചതോടെ ചരക്കുനീക്കത്തിനും ചെലവേറി. മെയ് 15, 20,- 23, 25 ദിവസങ്ങളിൽ നാലുതവണയാണ്‌ ഇന്ധനവില വർധിച്ചത്‌. മെയ് 15ന്‌ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നുരൂപ ഒറ്റയടിക്ക് കൂടി. 20, 23 ദിവസങ്ങളിൽ രണ്ട് തവണകളായി പെട്രോളിന് 86, 87 പൈസയും ഡീസലിന് 83, 91 പൈസയും വർധിപ്പിച്ചു. 25ന്‌ വീണ്ടും പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും വർധിപ്പിച്ചു. പാചകവാതക വിലവർധനവിന്‌ പുറമെയാണ്‌ പച്ചക്കറിവില വർധനയും ജനങ്ങൾക്ക്‌ ഇരുട്ടടിയാകുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home