ad
Deshabhimani

ക്രെഡിറ്റ് സ്കോർ ഇനി മാസം നാലുതവണ പുതുക്കും

credit score
വെബ് ഡെസ്ക്

Published on Jul 01, 2026, 03:24 PM | 1 min read

കൊച്ചി : ബാങ്കുകളും മറ്റു വായ്പ വിതരണ സ്ഥാപനങ്ങളും ഇടപാടുകാരുടെ വായ്പ വിവരങ്ങൾ ഇനി മാസം നാലുതവണ പുതുക്കും. ഇതുസംബന്ധിച്ച് റിസർവ് ബാങ്ക് നിർദേശം ജൂലൈ ഒന്നിന്‌ പ്രാബല്യത്തിലാകും. ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ടിങ് കാര്യക്ഷമമാക്കാൻ ധനസ്ഥാപനങ്ങൾ ഓരോ മാസവും ഒമ്പത്, 16, 23 തീയതികൾ, മാസത്തിലെ അവസാനദിവസം എന്നിങ്ങനെ നാലുതവണ ഇടപാടുകാരുടെ വായ്പ വിവരങ്ങൾ ക്രെഡിറ്റ് ഇൻഫോർമേഷൻ കമ്പനി (സിഐസി)കളെ അറിയിക്കണമെന്നാണ് നിർദേശം. ഓരോ മാസത്തെയും പൂർണ വിവരം അടുത്തമാസം അഞ്ചിനും നൽകണം. ഇതിൽ ബാങ്കിന്റെ എല്ലാ സജീവ അക്കൗണ്ടുകളും ഉൾപ്പെടുത്തണം. വായ്പയെടുത്തവരുടെ സെൻട്രൽ കെവൈസി (സി- കെവൈസി) നമ്പറും കൈമാറണം.


നിലവിൽ രണ്ടാഴ്ചയിൽ ഒരിക്കലാണ് വായ്പ വിവരം കൈമാറിയിരുന്നത്. 300 മുതൽ 900 വരെയാണ് ഇന്ത്യയിൽ ക്രെഡിറ്റ് സ്കോർ കണക്കാക്കുന്നത്. 750നു മുകളിൽ സ്കോർ നേടുന്നവർക്കാണ് ബാങ്കുകൾ പൊതുവിൽ വായ്പ നൽകുക. പൂർണമായി അടച്ചുതീർത്താലും പലപ്പോഴും ബാങ്കുകൾ സാങ്കേതികമായി വായ്പ തീർപ്പാക്കാറില്ല. ഇത്തരം സാഹചര്യത്തിൽ ക്രെഡിറ്റ് സ്കോർ മോശമായി പലർക്കും പുതിയ വായ്പ കിട്ടാത്ത അവസ്ഥയുണ്ട്. ഓരോ ആഴ്ചയും വിവരങ്ങൾ പുതുക്കുമ്പോൾ വായ്പയുടെ വിവരങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ സിഐസികൾക്ക് ലഭിക്കുന്നതിനാൽ ഈ പ്രശ്നത്തിന് പരിഹാരമാകും. അതോടൊപ്പം, ക്രെഡിറ്റ് കാർഡ് ഇടപാട് ഉൾപ്പെടെയുള്ള വായ്പകളുടെ തിരിച്ചടവിൽ വീഴ്ചവരുത്തിയാൽ അതും ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ടിൽ ഉൾപ്പെടും. പുതിയ വായ്പലഭ്യതയെയും ബാധിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home