യുഎസിലെ കൻസാസിൽ മിന്നൽപ്രളയം; ഇന്ത്യക്കാരനായ ഐടി പ്രൊഫഷണൽ മരിച്ചു

പ്രതീകാത്മകചിത്രം
ഹൂസ്റ്റൺ : യുഎസ് സംസ്ഥാനമായ കൻസാസിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തിലും മിന്നൽപ്രളയത്തിലുംപെട്ട് ഇന്ത്യക്കാരനായ ഐടി പ്രൊഫഷണൽ മരിച്ചതായി അധികൃതർ അറിയിച്ചു. നെബ്രാസ്കയിലെ ഒമാഹയിൽ താമസിക്കുന്ന വെങ്കിടേഷ് ദൊപ്പലപുടി (33) ആണ് മരിച്ചത്. എച്ച്-1ബി വിസ വഴിയാണ് വെങ്കിടേഷ് അമേരിക്കയിലെത്തിയത്. വെള്ളപ്പൊക്കത്തിൽ വാഹനം ഒഴുകിപ്പോയാണ് അപകടമുണ്ടായത്.
ഹ്യൂസ്റ്റണിൽ നിന്ന് തിരികെ താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. തെക്കൻ- മധ്യ കൻസാസിൽ വച്ച് ശക്തമായ കൊടുങ്കാറ്റിനെത്തുടർന്ന് വെങ്കിടേഷിന്റെ വാഹനം വെള്ളപ്പൊക്കത്തിൽ അകപ്പെടുകയായിരുന്നു. സംഭവത്തിൽ ഹ്യൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അനുശോചനം രേഖപ്പെടുത്തി. തുടർനടപടികൾക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും കോൺസുലേറ്റ് ജനറൽ വ്യക്തമാക്കി.
കൻസാസിലെ വെല്ലിംഗ്ടണിനടുത്തുള്ള സൗത്ത് ഒലിവർ റോഡിലെ 600-ാം നമ്പർ ബ്ലോക്കിൽ, പാലത്തിന് സമീപം ഒരു വാഹനം വെള്ളത്തിൽ മുങ്ങുന്നത് കണ്ടതായും ഒരാൾ അകത്ത് കുടുങ്ങിക്കിടക്കുന്നതായും ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് അടിയന്തര യൂണിറ്റുകൾ സ്ഥലത്തെത്തിയതെന്ന് സമ്മർ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. ശക്തമായ ഒഴുക്കുള്ളതിനാൽ രക്ഷാപ്രവർത്തകർക്ക് വെള്ളത്തിലേക്ക് ഇറങ്ങാൻ സാധിച്ചിരുന്നില്ല. പിന്നീട് കാൻസസ് ഹൈവേ പട്രോൾ എയർ യൂണിറ്റും പൊലീസ് ഡ്രോണുകളും ചേർന്ന് നടത്തിയ തിരച്ചിലിൽ ഞായറാഴ്ചയാണ് വെങ്കിടേഷിന്റെ മൃതദേഹം കണ്ടെത്തിയത്.











0 comments