ഒലവക്കോട് പൊലീസ് റെയ്ഡ്
53 കിലോ കഞ്ചാവുമായി 6 ഒഡിഷ സ്വദേശികൾ പിടിയിൽ

പാലക്കാട്
ഒഡിഷയിൽനിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 53.453 കിലോഗ്രാം കഞ്ചാവുമായി ആറ് ഒഡിഷ സ്വദേശികളെ ഒലവക്കോട്ടുനിന്ന് പൊലീസ് പിടികൂടി. ഹേമാംബിക നഗർ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കന്ധമാൽ സ്വദേശികളായ ജിഖോറിയ ദിഗൽ (22), അനിൽകുമാർ ദിഗൽ (28), ക്രിസ്റ്റ് ദിഗൽ (45), രായഗഡ സ്വദേശികളായ പുരന്ദർ ഖുറ (34), ജുധിഷ്ഠി ബിഭാർ (28), ലബണ്യ ഖുറ (25) എന്നിവരാണ് കുടുങ്ങിയത്. ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ ഇവരുടെ പക്കൽ രണ്ട് ബാഗുകൾ വീതമാണുണ്ടായിരുന്നത്. റോഡിലൂടെ നടന്നുപോകുന്ന ഇവരെ സംശയം തോന്നി പൊലീസ് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. കേരളത്തിലേക്ക് സ്ഥിരമായി ലഹരി എത്തിക്കുന്ന അന്തർസംസ്ഥാന റാക്കറ്റിലെ പ്രധാന കണ്ണികളാണിവരെന്ന് പൊലീസ് പറഞ്ഞു. ഫുരന്ദർ ഖുറയ്ക്ക് 2023-ൽ എറണാകുളത്ത് സമാനമായ മയക്കുമരുന്ന് കേസുണ്ട്. നേരിട്ട് പരിചയമില്ലാത്ത മറ്റൊരു സംഘത്തിന് കൈമാറാനാണ് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസിനോട് പറഞ്ഞു. രഹസ്യ കോഡ് ഉപയോഗിച്ചാണ് കൈമാറ്റം ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ ഇടപാട് നടക്കുന്നതിനുമുന്പ് ഇവർ പിടിയിലാവുകയായിരുന്നു. പാലക്കാട് നാർകോട്ടിക് സെൽ ഡിവൈഎസ്പി ചുമതലയുള്ള വിശ്വംഭരൻ, പാലക്കാട് ഡിവൈഎസ്പി കെ എം ബിജു എന്നിവരുടെ നേതൃത്വത്തിൽ ഹേമാംബിക നഗർ സബ് ഇൻസ്പെക്ടർ ഡി ഷെബീബ് റഹ്‌മാൻ, ജില്ലാ പൊലീസ് ലഹരി വിരുദ്ധ സ്ക്വാഡ് (ഡാൻസാഫ്) എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. ലഹരിവസ്തുക്കൾ ആർക്കാണ് കൈമാറാനുദ്ദേശിച്ചിരുന്നതെന്നും പിന്നിലെ പ്രാദേശിക ഇടനിലക്കാർ ആരൊക്കെയാണെന്നും കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.










0 comments