ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി നെല്ലിക്കുഴി

നെല്ലിക്കുഴി കവലയിലെ ഗതാഗതക്കുരുക്ക്
കോതമംഗലം
കേരളത്തിലെ ഏറ്റവും വലിയ ഫർണിച്ചർ വ്യാപാര മേഖലയായ നെല്ലിക്കുഴിയിൽ പ്രതിസന്ധിയായി ഗതാഗതക്കുരുക്ക്. ആലുവ– മൂന്നാർ റോഡിൽ കനാൽപ്പാലംമുതൽ നെല്ലിക്കുഴി കവലവരെയുള്ള ഭാഗം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ്. മൂന്നാർ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് നിത്യേന ധാരാളം വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
ചെറുവട്ടൂർ, തൃക്കാരിയൂർ റോഡുകളും ചേരുന്ന നാൽക്കവലയിൽ ഇൗ ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾകൂടി എത്തുന്നതോടെ കുരുക്ക് നീളും. സിഗ്നൽ ലൈറ്റില്ലാത്ത നാൽക്കവലയിൽ നിയന്ത്രണമില്ലാതെ വാഹനങ്ങൾ കടന്നുപോകുന്നതാണ് കുരുക്കിന് പ്രധാനകാരണം. അനധികൃത പാർക്കിങ്ങും പ്രശ്‌നം രൂക്ഷമാക്കുന്നു.
ആലുവ–മൂന്നാർ പാതയിൽ യാത്രചെയ്യുന്നവർ നെല്ലിക്കുഴി പഞ്ചായത്തിന് പുറകിലെ റോഡ് ബൈപാസായി ഉപയോഗിച്ചാൽ ഗതാഗതക്കുരുക്കിന് പരിഹാരമാകും. തകർന്നുകിടക്കുന്ന ഇൗ റോഡ് നിലവിൽ അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരിക്കുകയാണ്.
ഗാതഗതക്കുരുക്ക് വ്യാപാരമേഖലയ്‌ക്ക് കടുത്ത പ്രതിസന്ധിയുണ്ടാക്കുന്ന സാഹചര്യത്തിൽ ഇവിടെ ട്രാഫിക് പൊലീസിന്റെ സേവനം ലഭ്യമാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി നെല്ലിക്കുഴി യൂണിറ്റ് ആവശ്യപ്പെട്ടു.









0 comments