ഒരുലക്ഷത്തിലധികം പാക്കറ്റ് പാൻമസാല പിടികൂടി

മാങ്കുറുശിയിൽ വൻലഹരിവേട്ട
ഒരുലക്ഷത്തിലധികം പാക്കറ്റ് പാൻമസാല പിടികൂടി
മങ്കര
മാങ്കുറുശിയിൽ ജിഎസ്ടി വകുപ്പും മങ്കര പൊലീസും നടത്തിയ പരിശോധനയിൽ ഒരുലക്ഷത്തിലധികം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. വ്യാഴം പുലർച്ചെ മൂന്നോടെ പാലക്കാട്ടുനിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് പോയ ബൊലേറോ പിക്കപ്‌വാനിൽ നടത്തിയ പരിശോധനയിലാണ് ഉൽപ്പന്നങ്ങൾ പിടികൂടിയത്. വഴിയിൽ ജിഎസ്ടി വകുപ്പ് ജീവനക്കാർ പരിശോധന നടത്തുന്നതുകണ്ട ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. സംശയം തോന്നിയ ഉദ്യോഗസ്ഥർ ഉടൻ മങ്കര പൊലീസിൽ വിവരമറിയിച്ചു. പൊലീസും ജിഎസ്ടി ഉദ്യോഗസ്ഥരും ചേർന്ന് വാഹനം പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ (പാൻമസാല) 99 ചാക്കുകളിലാക്കി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. 37,500 പാക്കറ്റ് ഹാൻസ്, 31,200 പാക്കറ്റ് വിമൽ പാൻമസാല, 30,000 പാക്കറ്റ് വി-1 ടൊബാക്കോ, 13,056 പാക്കറ്റ് ശിഖർ പാൻമസാല ഉൾപ്പെടെ 1,11,756 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. മങ്കര എസ്ഐ എം വി പൗലോസ്, പ്രൊബേഷൻ എസ്ഐ എസ് സഹീദ്, എഎസ്ഐ കെ എ ഹാഷിബ, എസ്‌സിപിഒ ബി ശ്രീകൃഷ്ണകുമാർ, ഹോംഗാർഡ് എ രാമകൃഷ്ണൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. ലഹരിവസ്തുക്കൾ കടത്തിയ വാഹനത്തിന്റെ ഉടമയെയും ഡ്രൈവറെയും കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.









0 comments