പാലക്കാട് നഗരസഭാ കൗൺസിലിൽ വന്ദേമാതര തർക്കം
വിയോജനക്കുറിപ്പ് നൽകി സിപിഐ എം

വിയോജനക്കുറിപ്പ് നൽകി സിപിഐ എം
പാലക്കാട്
പാലക്കാട് നഗരസഭാ കൗൺസിൽ യോഗത്തിൽ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട് സിപിഐ എം അംഗങ്ങൾ നഗരസഭാ സെക്രട്ടറിക്കും ചെയർമാനും വിയോജനക്കുറിപ്പ് നൽകി. വെള്ളിയാഴ്‌ച ചേർന്ന യോഗത്തിന് മുമ്പാണ് റെക്കോർഡ് ചെയ്ത വന്ദേമാതരം പൂർണമായും ആലപിച്ചത്. വന്ദേമാതരം പാടാൻ തുടങ്ങിയപ്പോൾ തന്നെ പ്രതിഷേധവുമായി എൽഡിഎഫ് അംഗങ്ങൾ രംഗത്തെത്തി. പിന്നാലെ ഭരണപക്ഷ അംഗങ്ങളുമായി തർക്കമുണ്ടായി. ഇതോടെ എൽഡിഎഫ് അംഗങ്ങൾ ആദ്യ നാല് വരികൾ കഴിഞ്ഞയുടൻ ഇരിപ്പിടങ്ങളിൽ ഇരുന്നു. ഗാനാലാപനത്തിന് മുൻപ് കോൺഗ്രസ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ചെങ്കിലും പിന്നീട് തിരിച്ചെത്തി. പൂർണരൂപത്തിലുള്ള ആലാപനം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഐ എം അംഗങ്ങൾ നഗരസഭാ സെക്രട്ടറിക്കും ചെയർമാനും വിയോജനക്കുറിപ്പ് നൽകിയത്. വിഷയം കൗൺസിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എൽഡിഎഫ്, യുഡിഎഫ് അംഗങ്ങൾ വിഷയം പ്രതിഷേധിച്ചു. പ്രശ്നപരിഹാരത്തിനായി ചെയർമാൻ ചർച്ചക്ക് വിളിച്ചെങ്കിലും വന്ദേമാതരം പൂർണമായി ആലപിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിൽ ഭരണപക്ഷം ഉറച്ചുനിന്നു. എന്നാൽ ഇത് നിർബന്ധമാക്കിയാൽ വരും ദിവസങ്ങളിൽ കൗൺസിൽ യോഗങ്ങളുമായി സഹകരിക്കില്ലെന്ന് എൽഡിഎഫും യുഡിഎഫും വ്യക്തമാക്കി. ചർച്ച പരാജയപ്പെട്ടതോടെ വീണ്ടും ചേർന്ന യോഗത്തിലും ബഹളം തുടർന്നു. ഇതോടെ തെരുവുനായ ശല്യമടക്കമുള്ള സുപ്രധാന അജൻഡകൾ പാസാക്കാതെ ചെയർമാൻ യോഗം പിരിച്ചുവിട്ടു.










0 comments