പാചകവാതക പ്രതിസന്ധി തുടരുന്നു
അന്നത്തിൽ ആശങ്ക

സ്വന്തം ലേഖിക
പാലക്കാട്
ജില്ലയിൽ ഹോട്ടലുകൾക്കുപുറമേ കോളേജ് കാന്റീനുകളിലും ഹോസ്റ്റൽ മെസുകളിലും പാചകവാതക പ്രതിസന്ധി രൂക്ഷം. കണ്ണനൂർ പ്രീമെട്രിക് ഹോസ്റ്റലിലെ മെസിൽ പാചകവാതകം സ്റ്റോക്ക് തീർന്നു. 51 വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിൽ മൂന്നുനേരം ഭക്ഷണം മുടങ്ങുമോയെന്ന ആശങ്കയിലാണ് വിദ്യാർഥികളും അധികൃതരും. പ്രതിസന്ധി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിഹാരം കാണുമെന്നും കലക്ടർ അറിയിച്ചു. പട്ടാമ്പി ശ്രീനീലകണ്‌ഠ ഗവ. സംസ്കൃത കോളേജിലെ കുടുംബശ്രീ കാന്റീനിൽ ബുധനാഴ്‌ച പാചകം ചെയ്യാനുള്ള ഗ്യാസ് മാത്രമാണ് ബാക്കിയുള്ളത്. സർക്കാരിന്റെ വിശപ്പുരഹിത പദ്ധതി പ്രകാരം 30 രൂപ ടോക്കണിൽ 400 വിദ്യാർഥികളാണ് ഇവിടന്ന് ഭക്ഷണം കഴിക്കുന്നത്. സിലിണ്ടറുകളുടെ ക്ഷാമംകാരണം വിവിധ സ്ഥാപനങ്ങളുടെ കാന്റീനുകളിലും പാചകം തടസ്സപ്പെട്ടിരിക്കുകയാണ്. പലയിടങ്ങളിലും വിറകടുപ്പുകൾ ഉപയോഗിച്ചാണ് താൽക്കാലികമായി പാചകം ചെയ്യുന്നത്. ഗ്യാസ് ഉപയോഗം കുറയ്ക്കുന്നതിനായി കൂടുതൽ സമയം വേവിക്കേണ്ട ഭക്ഷണങ്ങൾ ഒഴിവാക്കി പാചകരീതിയിൽ മാറ്റംവരുത്താൻ ഹോസ്റ്റൽ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. പാചകവാതക വിതരണത്തിൽ സ്കൂളുകൾ, ആശുപത്രികൾ, അഗതിമന്ദിരങ്ങൾ, കമ്യൂണിറ്റി കിച്ചണുകൾ എന്നിവയ്‌ക്കൊപ്പം ഹോസ്റ്റലുകൾക്കും മുൻഗണന നൽകി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ സർക്കാർ തുടരുകയാണ്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതും കരിഞ്ചന്തയിൽ വിൽക്കുന്നതും തടയാൻ പ്രത്യേക എൻഫോഴ്‌സ്‌മെന്റ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്. ഹോട്ടലുകളിലും പ്രതിസന്ധി ഗുരുതരമാണ്. പൂട്ടിയ വഴിയോര കടകളൊന്നും ഇനിയും തുറക്കാനായിട്ടില്ല.










0 comments