വിജിലൻസിന് പരാതി

പ്രത്യേക ലേഖകൻ
പാലക്കാട്
വ്യാജബിരുദ സർട്ടിഫിക്കറ്റുപയോഗിച്ച് സഹകരണ സംഘത്തിൽ സ്ഥാനക്കയറ്റം നേടിയ കെപിസിസി അംഗത്തിനെതിരെ യുഡിഎഫ് ഭരണസമിതി വിജലൻസിന് പരാതി നൽകി. ആലത്തൂർ ഗവ. എംപ്ലോയീസ് കോ-–ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സെക്രട്ടറിയുടെ ചുമതല വഹിച്ച കെപിസിസി അംഗം വി സുദർശനനെതിരെയാണ് ഭരണസമിതി വിജിലൻസിന് പരാതി നൽകിയത്. സെക്രട്ടറിയായി പ്രമോഷൻ നേടാൻ നൽകിയ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് പരാതി. സുദർശനൻ ഹാജരാക്കിയ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് ബോധ്യപ്പെട്ടതോടെ അസിസ്റ്റന്റ് സെക്രട്ടറിയുടെ തസ്‌തികയിലേക്ക് തരംതാഴ്‌ത്തിയിരുന്നു. യഥാർഥ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല. പിന്നീട് വ്യാജബിരുദ സർട്ടിഫിക്കറ്റ് നൽകി സെക്രട്ടറിയാവുകയായിരുന്നു. എന്നാൽ, ഇത് വ്യാജമാണെന്ന് മനസ്സിലായതോടെയാണ് സംഘം പ്രസിഡന്റ് കെ ആർ ഭാസ്‌കരൻ ചൊവ്വാഴ്‌ച പാലക്കാട് വിജിലൻസ് ഡിവൈഎസ്‌പിക്ക് പരാതി നൽകിയത്. ഇൗ സംഭവങ്ങൾ നടക്കുന്നതിനിടെ സംഘത്തിൽ അംഗമായിരുന്ന അന്തരിച്ചയാളുടെ വ്യാജ ഒപ്പിട്ട് ചിട്ടി തുകയായ 25 ലക്ഷം രൂപ തട്ടിയ കേസിൽ സുദർശൻ അച്ചടക്ക നടപടി നേരിട്ടിരുന്നു. സെക്രട്ടറിയിൽനിന്ന് പ്യൂൺ തസ്തികയിലേക്ക് തരംതാഴ്‌ത്തിയത്. നിലവിൽ പ്യൂണായിട്ട് ചെയ്യുന്നുണ്ട്. കൂടാതെ സംഘത്തിലെ ഇടപാടുകാരയ എം പി ഹരീഷ്, എം ജി പ്രകാശ്, നാരായണൻകുട്ടി, മുഹമ്മദ് അബ്ദുൽ റഹ്മാൻ, സി രജിത, ജി മനോജ് എന്നിവരുടെയെല്ലാം പേരിലുള്ള രേഖകളിൽ അവരുടെ വ്യാജ ഒപ്പിട്ട് പണം തട്ടിയതായും പരാതിയുണ്ട്. സംഭവത്തിൽ സഹകരണ വകുപ്പ് നൽകിയ പരാതിയിൽ ആലത്തൂർ പൊലീസ് കേസെടുത്തിരുന്നു.











0 comments