അഞ്ചാംക്ലാസുകാരനെ പ്ലസ്ടു വിദ്യാർഥികൾ മർദിച്ചതായി പരാതി

അഞ്ചാംക്ലാസുകാരനെ പ്ലസ്ടു വിദ്യാർഥികൾ മർദിച്ചതായി പരാതി
ചിറ്റൂർ
വണ്ടിത്താവളം കെകെഎംഎച്ച്എസ്എസ് സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിക്ക് പ്ലസ്ടു വിദ്യാർഥികളുടെ ക്രൂരമർദനം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി നിലവിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്‌ച പകൽ ഇടവേളയിൽ സ്കൂളിലെ പ്ലസ് വൺ ക്ലാസിനടുത്തുള്ള കാന്റീനിൽ ക്ലാസിലെ മറ്റൊരു വിദ്യാർഥിക്കൊപ്പം പരിക്കേറ്റ കുട്ടി പോയിരുന്നു. ഇതിനിടെ ഒപ്പമുണ്ടായിരുന്ന വിദ്യാർഥി കടയുടെ മുകളിലേക്ക് കല്ലെറിഞ്ഞു. കല്ല് തട്ടിയത് പ്ലസ്ടു വിദ്യാർഥിയുടെ ദേഹത്തായിരുന്നു. തുടർന്ന് വിദ്യാർഥികൾ തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ കല്ലെറിഞ്ഞ വിദ്യാർഥി ഓടിപ്പോയി. ശേഷം പ്ലസ് വൺ വിദ്യാർഥികൾ അഞ്ചാം ക്ലാസുകാരനെ ആക്രമിക്കുകയായിരുന്നു. മർദനമേറ്റ കുട്ടി ഓടി ക്ലാസിൽ കയറിയിട്ടും പിന്തുടർന്ന് ക്ലാസിൽ കയറി മർദിച്ചു. തലപിടിച്ച് ചുമരിൽ ഇടിക്കുകയുമായിരുന്നു എന്നാണ് പറയുന്നത്. മൂന്ന് പ്ലസ് ടു വിദ്യാർഥികൾ ചേർന്നാണ് കുട്ടിയെ മർദിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. ആക്രമണത്തിൽ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ കുട്ടിയെ ആദ്യം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ അന്നുതന്നെ സ്കൂൾ അധികൃതർക്കും പൊലീസിനും പരാതി നൽകിയിരുന്നു. എന്നാൽ, അവർ അത് കാര്യമാക്കിയില്ലെന്നും കുടുംബം പറയുന്നു. പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. കേസ് രജിസ്റ്റർ ചെയ്യുന്നതിന് പകരം പ്രശ്നം ഒത്തുതീർപ്പാക്കാനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെട്ടു.










0 comments