ഉയരും 5 വർഷത്തിൽ 5 ലക്ഷം കരിമ്പന

ഉയരും 5 വർഷത്തിൽ 5 ലക്ഷം കരിമ്പന
പാലക്കാട്
ഭൂഗർഭ ജലദൗർലഭ്യത, കാലവസ്ഥ വ്യതിയാനം, പരിസ്ഥിതി ശോഷണം എന്നിവയ്ക്ക് പരിഹാരമായി ജില്ലയിൽ അഞ്ച് വർഷത്തിൽ അഞ്ച് ലക്ഷം കരിമ്പനകൾ വച്ചുപിടിപ്പിക്കും. ജില്ലാ പഞ്ചായത്തിന്റെ ജൈവ വൈവിധ്യ പരിപാലന സമിതി യോഗത്തിലാണ് തീരുമാനം. കുറെ വർഷങ്ങളായി ഗുരുതര വരൾച്ചയിലും ഭൂഗർഭജല ശോഷണത്തിലും വലയുകയാണ് ജില്ല. നേരത്തെ ഒരു വർഷത്തിൽ ശരാശരി 2800 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നെങ്കിൽ ഇന്ന് 70 ശതമാനം മഴയും 30 ദിവസത്തിൽ പെയ്ത് തോരുന്നു. ബാക്കി ദിവസങ്ങളിൽ കടുത്ത വരൾച്ചയും അനുഭവപ്പെടുന്നു. മാർച്ചിൽ തുടങ്ങി മെയിൽ അവസാനിച്ചിരുന്ന വേനൽക്കാലം ഫെബ്രുവരി മുതൽ ജൂൺവരെ നീളുന്നുണ്ട്. ജല ദൗർലഭ്യത രൂക്ഷമായതോടെ പലയിടങ്ങളും "റെഡ് സോൺ' ആയി പ്രഖ്യാപിച്ചു. ഇൗ സാഹചര്യത്തിലാണ് പ്രകൃതി ദത്തമായ രീതിയിൽ പ്രതിരോധം തീർക്കാൻ ഒരുങ്ങുന്നത്. ആദ്യഘട്ടം എന്ന നിലയിൽ ഒരു വർഷം ഒരു ലക്ഷം കരിമ്പന വച്ചുപിടിപ്പിക്കാനാണ് തീരുമാനം. ഭാരതപ്പുഴയോരത്ത് ഷൊർണൂർ മുതൽ പട്ടാമ്പിവരെയും എല്ലാ അണക്കെട്ടുകൾക്ക് പരിസരത്തും കരിമ്പന വച്ചുപിടിപ്പിക്കും. കൂടാതെ വാളയാർ മുതൽ ചുള്ളിയാർവരെ ഹരിത ഇടനാഴി തീർക്കാനും പദ്ധതിയുണ്ട്. ഒരു വർഷത്തിൽ ഒന്നരലക്ഷം ലിറ്റർ വെള്ളം ഭൂമിയിൽ താഴ്‌ത്തുകയാണ് ലക്ഷ്യം. ജില്ലയുടെ കിഴക്കൻ മേഖലയിൽ ഗുഗർഭ ജലത്തിൽ ഫ്ലൂറൈഡ് അംശം കണ്ടെത്തിയിട്ടുണ്ട്. കരിമ്പന നട്ടുപിടിപ്പിക്കുന്നതിലൂടെ ഇതും പരിഹരിക്കാനാകും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തുകൾക്കും ബ്ലോക്ക് പഞ്ചായത്തുകൾക്കുമാണ് പദ്ധതി നിർവഹണ ചുമതല. പാലക്കാട് ഐഐടി സാങ്കേതിക സഹായം നൽകും. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, സംഘടനകൾ, ക്ലബുകൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമാകും. യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ സരിത അധ്യക്ഷയായി. സ്ഥിരംസമിതി ചെയർമാൻ എസ് ബി രാജു പദ്ധതി വിശദീകരിച്ചു.











0 comments