● സ്‌കൂളുകളിൽ പറളി മുന്നിൽ, മൂണ്ടൂർ രണ്ടാമത് ●100 മീറ്റർ ഫെെനൽ ഇന്ന്
`ജില്ലാ കായിക മേള

പാലക്കാട്
ചൂട്ടുപൊള്ളുന്ന വെയിലിന് ജില്ലയിലെ കൗമാര പ്രതിഭകളുടെ പോരാട്ടവീര്യത്തെ തളർത്താനായില്ല. പാലക്കാട് മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിലും ഫീൽഡിലും വീറുംവാശിയുമായി പോര് മുറുകുകയാണ്. 42 ഇനങ്ങൾ പൂർത്തിയായപ്പോൾ 47 പോയിന്റുമായി പറളി എച്ച്‌എസ്‌എസ് കുതിപ്പുതുടങ്ങി. ചാന്പ്യൻ സ്‌കൂളിനായുള്ള പോരാട്ടത്തിൽ തുടർച്ചയായ അഞ്ചാം കീരിടം ലക്ഷ്യമിടുന്ന പറളി, ആറ് സ്വർണവും അഞ്ച് വെള്ളിയും രണ്ട് വെങ്കലവുമായാണ് മുന്നേറുന്നത്. 43 പോയിന്റുമായി മുണ്ടൂർ എച്ച്‌എസ്‌എസ് തൊട്ടുപിന്നിലുണ്ട്. 21 പോയിന്റുമായി മാത്തൂർ സിഎഫ്‌ഡി സ്‌കൂളും വടവന്നൂർ വിഎംഎച്ച്‌എസുമാണ് മൂന്നാംസ്ഥാനത്ത്. പാലക്കാട് ബിഇഎം എച്ച്‌എസ്‌എസ് (16), വാണിയംകുളം ടിആർകെ എച്ച്‌എസ്‌എസ് (15) എന്നിവയാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. രണ്ടാംദിനമായ ശനിയാഴ്‌ച ഗ്ലാമർ ഇനമായ 100 മീറ്റർ ഉൾപ്പെടെ 31 ഫൈനൽ നടക്കും. പറളി, മുണ്ടൂർ സ്‌കൂളുകളുടെ കരുത്തിൽ പറളി ഉപജില്ല ബഹുദൂരം മുന്നിലെത്തി. 13 സ്വർണവും 10 വെള്ളിയും അഞ്ച് വെങ്കലവും 110 മെഡലുമായാണ് പറളി മുന്നേറുന്നത്. 62 പോയിന്റുമായി കൊല്ലങ്കോടാണ് രണ്ടാമത്. 38 പോയിന്റുമായി കുഴൽമന്ദം, ഒറ്റപ്പാലം, പാലക്കാട് ഉപജില്ലകളാണ് മൂന്നാമത്. കായികമേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ബി രാജു ഉദ്‌ഘാടനം ചെയ്‌തു. പാലക്കാട് നഗരസഭാ ചെയർപേഴ്‌സൺ പി സ്‌മിതേഷ് അധ്യക്ഷനായി.









0 comments