കള്ളക്കേസിൽ തകരില്ല; നാടാകെ പ്രതിഷേധം

ഭീഷണിപ്പെടുത്തി കള്ളമൊഴിയെടുത്ത് പി എ മുഹമ്മദ് റിയാസിനെ കുടുക്കാന്‍ ശ്രമിക്കുന്ന ഇ ഡി നിലപാടിനെതിരെ സിപിഐ എം കോഴിക്കോട് നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനം
കോഴിക്കോട്
ജനനേതാക്കളെയും കുടുംബാംഗങ്ങളെയും കള്ളക്കേസിൽ കുടുക്കാനുള്ള ഇഡി നീക്കത്തിനെതിരെ നാടാകെ പ്രതിഷേധം. ആർഎസ്‌എസിന്റെയും കേന്ദ്ര ഭരണകൂടത്തിന്റെയും നിർദേശപ്രകാരം പിണറായി വിജയനെയും പി എ മുഹമ്മദ് റിയാസിനെയുമടക്കമുള്ളവരെ കേസിൽപ്പെടുത്താനുള്ള നീക്കത്തിനെതിരെ സിപിഐ എം നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ നൂറുകണക്കിനാളുകൾ തെരുവിലിറങ്ങി. കള്ളക്കേസിൽപ്പെടുത്തിയാൽ തളരില്ലെന്നും കടുത്ത പ്രതിഷേധമുയരുമെന്നുമുള്ള പ്രഖ്യാപനത്തോടെയാണ് ജില്ലാ കേന്ദ്രത്തിലും പ്രതിഷേധമുയർന്നത്. കള്ളക്കഥകൾ സൃഷ്ടിക്കുന്ന ഇഡിക്കും കേന്ദ്രസർക്കാരിനും ഇതിന് ചൂട്ടുപിടിക്കുന്ന വി ഡി സതീശൻ സർക്കാരിനുമെതിരായ താക്കീതായിമാറി പ്രതിഷേധം. സിപിഐ എം ടൗൺ, നോർത്ത്, സൗത്ത് ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം മുതലക്കുളത്തുനിന്നാരംഭിച്ചു. നൂറുകണക്കിനാളുകൾ അണിനിരന്ന പ്രതിഷേധ പ്രകടനം മൊഫ്യൂസൽ സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ടി വി നിർമലൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം എ പ്രദീപ്‌കുമാർ, ജില്ലാ സെക്രട്ടറിയറ്റംഗം സി പി മുസാഫർ അഹമ്മദ്, സൗത്ത് ഏരിയാ സെക്രട്ടറി കെ ബൈജു, നോർത്ത് ഏരിയാ സെക്രട്ടറി കെ രതീഷ്, ടൗൺ ഏരിയാ സെക്രട്ടറി എം അജയകുമാർ, എൽ രമേശൻ, ബാബു പറശേരി എന്നിവർ സംസാരിച്ചു.









0 comments