പൊലീസ് നരനായാട്ടിനെതിരെ യുവജന- വിദ്യാർഥി പ്രതിഷേധം

കോഴിക്കോട്
തലസ്ഥാനത്ത് എസ്എഫ്ഐ പ്രവർത്തകർക്കുനേരെയുണ്ടായ പൊലീസ്–യൂത്ത് കോൺഗ്രസ് ആക്രമണത്തിൽ നാടാകെ പ്രതിഷേധം. ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും നേതൃത്വത്തിൽ ജില്ലയുടെ വിവിധ മേഖലകളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. മാവൂർ റോഡ് ജങ്‌ഷനിൽനിന്ന് പുതിയ സ്റ്റാൻഡിലേക്ക് നടന്ന പ്രകടനം പൊലീസ് അതിക്രമങ്ങൾക്കെതിരെയുള്ള താക്കീതായി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ അരുൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ദിപു പ്രേംനാഥ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഫഹദ് ഖാൻ, എൽ യു അബിദ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ രാഹുൽ രാജ്, ടി അതുൽ എന്നിവർ സംസാരിച്ചു. ജില്ലയുടെ വിവിധ മേഖലകൾ കേന്ദ്രീകരിച്ചും പ്രകടനങ്ങൾ നടന്നു. എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ക്രിസ്ത്യൻ കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം മാവൂർ റോഡ് ജങ്ഷനിൽ സമാപിച്ചു. തുടർന്ന് റോഡ് ഉപരോധിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി മുഹമ്മദ് സാദിഖ്, ജില്ലാ സെക്രട്ടറി ടി പി അമൽ രാജ്, പ്രസിഡന്റ് സി സരോദ്, അശ്വന്ത് ചന്ദ്ര, സ്വരാഗ് എന്നിവർ നേതൃത്വം നൽകി.









0 comments