‘മേട’ ഒരുങ്ങുന്നു, കാർബൺ സന്തുലിതമാകാൻ

‘മേട’യിൽ വിദഗ്‌ധസംഘം പരിശോധന നടത്തുന്നു
വി ബൈജു
Published on Jun 06, 2025, 12:58 AM | 1 min read
വേങ്ങേരി
മരങ്ങൾ നട്ടുപിടിപ്പിച്ചും പച്ചക്കറികൃഷിയും മാലിന്യസംസ്‌കരണരീതിയും ബയോഗ്യാസും സോളാർ വൈദ്യുതി എന്നിവയും ഒരുക്കിയ ‘മേട’യിൽ കാർബൺ സന്തുലിതമാണോയെന്ന് ഉറപ്പുവരുത്താനുള്ള പരിശോധന ആരംഭിച്ചു. പരിശോധനാഫലം പുറത്തുവന്നാൽ രാജ്യത്തെ ആദ്യത്തെ കാർബൺ സന്തുലിതമായ വീടായിരിക്കുമിത്. തിരുവനന്തപുരത്ത് നടന്ന വൃത്തി കോൺക്ലേവിൽ ഏറ്റവും നല്ല ഹരിതഭവനത്തിനുള്ള പുരസ്‌കാരം നേടിയ ‘മേട' നിരവധി സ്ഥാപനങ്ങളുടെ മാലിന്യ നിർമാർജന വിഭാഗം കൺസൾട്ടന്റും നിറവ് വേങ്ങേരിയുടെ സ്ഥാപകനുമായ ബാബു പറമ്പത്തിന്റെ വീടാണ്. വിജയിക്കുകയാണെങ്കിൽ നിറവിന്റെ പ്രഖ്യാപിത ലക്ഷ്യമായ കാർബൺ ന്യൂട്രൽ കേരളത്തിനുള്ള തുടക്കമാകും ഇത്. കേരള സ്‌റ്റേറ്റ് സയൻസ് ടെക്‌നോളജി ആൻഡ് എൻവയോൺമെന്റിൽനിന്ന് കാർബൺ ന്യൂട്രൽ അസസ്‌മെന്റിന് പരിശീലനം നേടിയശേഷമാണ് തന്റെ വീടുതന്നെ കാർബൺ സന്തുലിതമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് ആക്കംകൂട്ടിയത്. സയൻസ് ആൻഡ് ടെക്‌നോളജി ശാസ്ത്രജ്ഞ ഡോ. ശ്രുതി, ജലവിഭവ വികസന മാനേജ്‌മെന്റ് കേന്ദ്രം പ്രോജക്ട് ഫെലോ അക്തബ് റോഷൻ, സെൻട്രൽ യൂണിവേഴ്‌സിറ്റി എംഎസ്എസി വിദ്യാർഥികളായ റിതുപർണ, അമൃത എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്‌ധസംഘമാണ് മൂന്നുദിവസമായി ശാസ്ത്രീയമായി അടിസ്ഥാനവിവരങ്ങൾ ശേഖരിച്ചുവരുന്നത്. ഓരോമരത്തിന്റെയും അളവുകൾ, അവ ശേഖരിക്കുന്ന കാർബണിന്റെ അളവ്, മരങ്ങളുടെ നീളം, സോളാർ സ്ഥാപിക്കുന്നതിന് മുമ്പും പിമ്പുമുള്ള വൈദ്യുതി ഉപയോഗം, പെട്രോൾ, ഗ്യാസ് തുടങ്ങിയവയുടെ ഉപയോഗം, ജൈവമാലിന്യത്തിന്റെ അളവ് തുടങ്ങിയ വിവരങ്ങൾ ശേഖരിച്ചുകഴിഞ്ഞു. സിഡബ്ല്യുആർഡിഎമ്മും സയൻസ് ആൻഡ് ടെക്‌നോളജിയും അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് സന്തുലിതമായി നിലനിൽക്കുന്നുണ്ടോയെന്ന പരിശോധനാഫലം ഒരാഴ്ചക്കകം പുറത്തുവിടും. പരിശോധനാഫലം കാർബൺ സന്തുലിതമാണെങ്കിൽ രാജ്യത്തിനുതന്നെ മികച്ച മറ്റൊരു മാതൃകകൂടിയാകും ‘മേട’യും ബാബു പറമ്പത്തും.









0 comments