വിദർശയുടെ ഏഷ്യൻ ഗെയിംസ് മെഡൽ
അഭിമാനത്തിന്റെ വെടിമുഴക്കം

ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ വിദർശ കെ വിനോദ് കുടുംബാംഗങ്ങളെ വീഡിയോ കോൾ ചെയ്ത് സന്തോഷം പങ്കിടുന്നു
കോഴിക്കോട്
തിരുവമ്പാടി സ്വദേശി വിദർശ കെ വിനോദിന്റെ വെള്ളി മെഡൽ നേട്ടം ജില്ലയുടെ കായികമേഖലയ്‌ക്കും അഭിമാന നിമിഷം. നിലവിൽ ഡൽഹിയിലാണ് പരിശീലനമെങ്കിലും വിദർശ കാഞ്ചിവലിച്ച് തുടങ്ങിയത് കോഴിക്കോട് നിന്നായിരുന്നു. ഗുരുവായൂരപ്പൻ കോളേജിൽ എൻസിസി കേഡറ്റായിരിക്കെയാണ് ഷൂട്ടർ എന്ന നിലയിൽ ഇൗ മിടുക്കി തന്റെ യാത്ര ആരംഭിച്ചത്. എൻസിസിയുടെ 30 കേരള ബറ്റാലിയൻ നടത്തിയ ഷൂട്ടിങ് ട്രയൽസിൽ തൊടുത്ത വെടിയുണ്ടയിൽ നിന്നായിരുന്നു തുടക്കം. ട്രയൽസിൽ പങ്കെടുക്കുക എന്ന ലക്ഷ്യം മാത്രമായി എത്തിയ വിദ്യാർഥിയുടെ ഒറ്റ ഷൂട്ട് ജീവിതം മാറ്റുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ആദ്യ അവസരത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ച വച്ച വിദർശ എൻസിസിയുടെ വിവിധ ഘട്ടങ്ങൾ കടന്ന് നാഷണൽ ക്യാമ്പിൽ വരെ പങ്കെടുത്തു. പഠനത്തിന് ശേഷം കോഴിക്കോട് റൈഫിൾ ക്ലബ്ബിലായിരുന്നു സജീവ പരിശീലനം. മൂന്ന് വർഷത്തോളം ഇവിടെ പരിശീലനം. ദേശീയ ടീമിലേക്കുള്ള ട്രയൽസിലേക്കുള്ള ഒരുക്കങ്ങൾ ഉൾപ്പെടെ റൈഫിൾ ക്ലബ്ബിലെ പരിശീലന കാലത്തായിരുന്നു. വിദർശയുടെ മെഡൽ നേട്ടത്തോടെ കൂടുതൽ പേർ ഷൂട്ടിങ് രംഗത്തേക്ക് വരുമെന്നാണ് പ്രതീക്ഷയെന്ന് റൈഫിൾ ക്ലബ്ബിലെ പരിശീലകനായ വിപിൻ ദാസ് പറഞ്ഞു. കുട്ടികൾക്ക് വലിയ ചെലവ് വരുന്ന മേഖലയാണ് ഷൂട്ടിങ്. കൂടുതൽ കുട്ടികൾ മേഖലയിലേക്ക് വരാൻ സാമ്പത്തിക സഹായം ഉൾപ്പെടെ സർക്കാർ ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.










0 comments