ad
Deshabhimani

സുരക്ഷയില്ലാതെ 
റെയിൽവേ പാർക്കിങ്

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ് ഫോമിലെ ബേലൈനിനോട് തൊട്ട് ചേര്‍ന്ന് മേല്‍ക്കൂര പോലുമില്ലാതെ നിര്‍ത്തിയിട്ട ഇരുചക്രവാഹനങ്ങള്‍

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ് ഫോമിലെ ബേലൈനിനോട് തൊട്ട് ചേര്‍ന്ന് മേല്‍ക്കൂര പോലുമില്ലാതെ നിര്‍ത്തിയിട്ട ഇരുചക്രവാഹനങ്ങള്‍

വെബ് ഡെസ്ക്

Published on Jan 05, 2026, 01:36 AM | 1 min read

സ്വന്തം ലേഖകർ കോഴിക്കോട്‌ തൃശൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിലെ തീപിടിത്തത്തെ തുടർന്ന് ആശങ്കയിലായി കോഴിക്കോടും. സംസ്ഥാനത്തെ പ്രധാന സ്റ്റേഷനുകളിലൊന്നായ കോഴിക്കോട്ടും വാഹന പാർക്കിങ്ങിന്‌ മതിയായ സുരക്ഷാക്രമീകരണങ്ങളില്ല എന്നത്‌ ആശങ്കയുണ്ടാക്കുന്നു. സുരക്ഷ സംബന്ധിച്ച കുറ്റമറ്റ പരിശോധനയോ വിലയിരുത്തലുകളോ ഇല്ലാതെയാണ്‌ ഒന്ന്‌, നാല്‌ പ്ലാറ്റ്‌ഫോമുകളിൽ നവീകരണ പ്രവർത്തനങ്ങളുൾപ്പെടെ നടക്കുന്നതും. രണ്ട്‌ പ്ലാറ്റ്‌ഫോമിലും ഇരുചക്രവാഹനങ്ങൾ പാർക്കുചെയ്യുന്നത്‌ പരിമിതമായ സ‍ൗകര്യത്തിലാണ്‌. രണ്ടിടത്തും ഒരുഭാഗത്തുമാത്രമാണ്‌ ഒരോ ഷെഡ്ഡുള്ളത്‌. ഇതാകട്ടെ തകരഷീറ്റുമേഞ്ഞ കെട്ടുറപ്പില്ലാത്ത നിലയിലും. പരിമിതമായ എണ്ണം വണ്ടികൾ മാത്രമാണ്‌ ഷെഡ്ഡിൽ നിർത്തിയിടാനാവുക. കൂടുതൽ വണ്ടികളും പൊരിവെയിലിൽ പുറത്താണ്‌. റെയിൽവേ ലൈനിനും പാളത്തിനും നിശ്ചിത അകലത്തിലല്ലാത്തവിധമാണ്‌ വണ്ടികൾ കൂട്ടത്തോടെ നിർത്തിയിട്ടിരിക്കുന്നത്‌. ഇതും ആശങ്കയ്‌ക്കിടയാക്കുന്നു. പ്ലാറ്റ്‌ഫോം ഒന്നിൽ പാർക്കിങ്‌ ഏജന്റുമാരുടെ കരാർ കാലാവധി കഴിഞ്ഞതായാണ്‌ വിവരം. നിലവിൽ നാഥനില്ലാത്ത അവസ്ഥയാണ്‌. ഇ‍ൗ ഭാഗത്ത്‌ മതിയായ അഗ്നിരക്ഷാ ഉപകരണങ്ങളുടെ ലഭ്യതയും ഉറപ്പുവരുത്തിയിട്ടില്ല. ​ വടകര-– കൊയിലാണ്ടി
 സ്ഥിതി സമാനം ജില്ലയിലെ പ്രധാന സ്‌റ്റേഷനുകളായ വടകരയിലും കൊയിലാണ്ടിയിലും സുരക്ഷാസ്ഥിതി സമാനമാണ്‌. അമൃത് ഭാരത് പദ്ധതിയിൽ നവീകരിച്ച വടകര റെയിൽവേ സ്റ്റേഷനിൽ വേണ്ടത്ര സുരക്ഷാമാനദണ്ഡമില്ലാതെയാണ്‌ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ പാർക്കുചെയ്യുന്നത്. റെയിൽവേ സ്റ്റേഷന്റെ തെക്കുഭാഗത്താണ്‌ പാർക്കിങ് ഏരിയ. ഇവിടെയും ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ പാർക്കുചെയ്യുന്നത്‌ മേൽക്കൂരയില്ലാത്ത ഗ്രൗണ്ടിൽ പൊരിവെയിലിലും മഴയിലുമാണ്. അഗ്നിരക്ഷാ സംവിധാനങ്ങളും ദുർബലമാണിവിടെ. പാർക്കിങ്ങിന്‌ വൻ തുക ഈടാക്കുന്നുവെന്ന പരാതിയുമുണ്ട്‌. പാർക്കിങ്ങിനെത്തുന്നവരുമായി തർക്കങ്ങളും പതിവാണ്. കൊയിലാണ്ടി റെയിൽവേ സ്‌റ്റേഷനിലും പാർക്കിങ്‌ അവതാളത്തിലാണ്. സ്‌റ്റേഷന്‌ പടിഞ്ഞാറുഭാഗത്തുള്ള പാർക്കിങ്‌ യാത്രക്കാർക്ക് ഒരുസുരക്ഷിതത്വവും നൽകുന്നില്ല. കയറും കമ്പിയും വളച്ചുകെട്ടിയ സ്ഥലം പാർക്കിങ്‌ കേന്ദ്രമാക്കുകയും പണം വാങ്ങുകയുമാണ്. പ്രത്യേക ഷെഡ്ഡുമില്ല. വലിയ തുകയ്‌ക്കാണ് റെയിൽവേ ലേലത്തിൽ നൽകുന്നതെങ്കിലും നടത്തിപ്പുകാർക്കും യാത്രക്കാർക്കും മെച്ചമില്ല. കിഴക്കുഭാഗത്ത് പരാതി സ്ഥിരമായപ്പോഴാണ്‌ ഒരുഷെഡ്ഡ്‌ വന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home