കുമ്മങ്കോട് പുലിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്

കുമ്മങ്കോട് സ്വദേശി നൊട്ടീന്റവിട റംഷാദ് റോഡരികിൽനിന്ന് മൊബൈലിൽ പകർത്തിയ പുലിയുടെ ചിത്രം
നാദാപുരം
കുമ്മങ്കോട് ബദരിയ പള്ളിക്ക് സമീപം പുലിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. കുമ്മങ്കോട് എരഞ്ഞിക്കൽ സിനാൻ (19), ഉമ്മാമ കുഞ്ഞാമി (65) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കൾ പകൽ ഒന്നരയോടെ വീടിന് പിൻവശത്തുള്ള പറമ്പിൽവച്ചാണ് സിനാനെയും ഉമ്മാമ കുഞ്ഞാമിയേയും പുലി ആക്രമിച്ചത്. സിനാന്റെ നെഞ്ചിലും തലയ്‌ക്ക് പിന്നിലുമാണ് കടിയേറ്റത്. കുഞ്ഞാമിയുടെ മുഖത്തും മാന്തിപ്പരിക്കേൽപ്പിച്ചു. ഇരുവരെയും നാട്ടുകാർ നാദാപുരം ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സക്കുശേഷം വടകര സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സിനാന് ആഴത്തിൽ മുറിവേറ്റിറ്റുണ്ട്. ബൈക്കിൽ പോകുകയായിരുന്ന കുമ്മങ്കോട് സ്വദേശി നൊട്ടീന്റവിട റംഷാദ് കാക്കകൾ കൂട്ടത്തോടെ കരയുന്നത് കണ്ട് മൊബൈൽ ഫോണിൽ പകർത്തിയ വീഡിയോയിൽ പുലി റോഡ് മുറിച്ചുകടക്കുന്ന ദൃശ്യമുണ്ട്. ദൃശ്യത്തിൽ കാണുന്നത് പുലിയാണെന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നാദാപുരം ഡിവൈഎസ്‌പി പി എം മനോജിന്റെ നേതൃത്വത്തിൽ പൊലീസും കുറ്റ്യാടിയിൽനിന്ന് വനം വകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. കെ എം അഭിജിത്ത് എംഎൽഎ, നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് സഫീറ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.










0 comments