വടകര എംഡിഎംഎ കേസ്;
രണ്ടുപേർ കൂടി പൊലീസ് കസ്റ്റഡിയിൽ

എംഡിഎംഎ പണമിടപാട് കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത അജിത്ത്, വിശാൽ
വടകര അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ പണമിടപാട് കേസിൽ രണ്ട് പേർ കൂടി പൊലീസ് കസ്റ്റഡിയിൽ. വയനാട് പുൽപ്പള്ളി സ്വദേശി അജിത്ത്, മരക്കടവ് വിശാൽ എന്നിവരെയാണ് വടകര പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ ഒളിവിൽ കഴിയുന്ന മുഖ്യപ്രതി വയനാട് സ്വദേശി ഷിന്റോ ഷിബുവിന്റെ സുഹൃത്തുക്കളാണിവർ. നേരത്തെ കേസിൽ അറസ്റ്റിലായ കീർത്തനയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ പൊലീസിന്റെ പിടിയിലായത്. എംഡിഎംഎ ഉപയോഗവും വിൽപ്പനയും മാത്രമല്ല, സാമ്പത്തിക ഇടപാടുകളും പ്രതികൾ നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അധ്യാപികമാർ അക്കൗണ്ടിൽ എത്തുന്ന പണം ഇവർക്കാണ് കൈമാറിയിരുന്നത്. ഇവർ തുക ഷിന്റോവിന് കൈമാറും. വിവിധ സ്ഥലങ്ങളിൽ എംഡിഎംഎ എത്തിച്ചു നൽകിയതും ഇവരായിരുന്നു. ഒളിവിൽ കഴിയുന്ന ഷിന്റോയുമായി ഇവർ നിലവിൽ ആശയ വിനിമയം നടത്തിവരുന്നതായും പൊലീസ് പറഞ്ഞു. എംഡിഎംഎ പണമിടപാട് കേസിൽ നേരത്തെ പൊലീസ് പിടിയിലായ അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്‌മ, ഡലിവറി ബോയ് ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസ്, വടകര താഴെ അങ്ങാടി സ്വദേശി സഫ്വാൻ എന്നിവർക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. പേരാമ്പ്ര സ്വദേശികളായ അനസ്, ആസിഫ് എന്നിവർ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്








0 comments