ad
Deshabhimani

തുരങ്കപാത നിർമാണം പുരോഗമിക്കുന്നു; *കവാടത്തിൽ രണ്ടാം സ്ഫോടനം

കട്ട്‌ ആൻഡ്‌ കവറിങ്‌ പ്രവൃത്തി പുരോഗമിക്കുന്നു

കട്ട്‌ ആൻഡ്‌ കവറിങ്‌ പ്രവൃത്തി പുരോഗമിക്കുന്നു

വെബ് ഡെസ്ക്

Published on May 03, 2026, 03:03 AM | 1 min read


കോഴിക്കോട്‌

കോഴിക്കോട്‌ – വയനാട്‌ തുരങ്കപാതയുടെ നിർമാണത്തോടനുബന്ധിച്ച്‌ കവാടത്തിൽ രണ്ടാം സ്ഫോടനം. മറിപ്പുഴയിലാണ്‌ പാറതുരക്കലിന്റെ ഭാഗമായി സെക്കൻഡ്‌ ബ്ലാസ്റ്റ്‌ നടത്തിയത്‌. തുടർന്നുള്ള ദിവസങ്ങളിൽ പാറ തുരക്കാനായി തുടർച്ചയായ സ്ഫോടനങ്ങൾ നടക്കും.

മാർച്ച്‌ ആറിനാണ്‌ മറിപ്പുഴയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യസ്ഫോടനം ഉദ്‌ഘാടനം ചെയ്‌തത്‌. കമാന ആകൃതിയിൽ പാറ പൊട്ടിച്ചെടുക്കാൻ നിയന്ത്രിത സ്ഫോടനങ്ങളാണ്‌ നടത്തുക. ആദ്യ സ്ഫോടനത്തിന്‌ ശേഷം അനുബന്ധ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. പോർട്ടൽ സ്റ്റെബിലൈസേഷൻ പ്രവൃത്തികളും കട്ട്‌ ആൻഡ്‌ കവർ രീതിയിലുള്ള പ്രവൃത്തികളുമാണ്‌ ഇപ്പോൾ നടക്കുന്നത്‌. തുരക്കുന്ന പാറയ്ക്കും അനുബന്ധ മേഖലയ്ക്കും ഉറപ്പും സ്ഥിരതയും നൽകാനാണ്‌ പോർട്ടൽ സ്റ്റെബിലൈസേഷൻ. മണ്ണ്‌ നീക്കി ഗുഹാകൃതിയിൽ കവചമൊരുക്കി തുരങ്കമുഖംവരെ എത്തിക്കുന്നതാണ്‌ കട്ട്‌ ആൻഡ്‌ കവർ. മേപ്പാടി ഭാഗത്താണ്‌ കട്ട്‌ ആൻഡ്‌ കവർ പുരോഗമിക്കുന്നത്‌. നിലവിലുണ്ടായിരുന്ന പ്രതലത്തിൽനിന്ന്‌ അഞ്ച്‌ മീറ്റർ താഴ്ചയിൽ പാറപൊട്ടിച്ച്‌ കവാടം കൂടുതൽ വലുതാക്കിയാകും തുടർന്നുള്ള പ്രവൃത്തികൾ. സ്‌കെയിലിങ്, ഗ്ര‍ൗട്ടിങ്‌, റോക്ക്‌ ബോൾട്ടിങ്‌, സ്റ്റീൽ സപ്പോർട്ട്‌ തുടങ്ങിയ നിർമാണ ഘട്ടങ്ങളും സമാന്തരമായി നടക്കും.

തുരങ്കത്തിന്റെ 8.1 കിലോമീറ്റർ ദൂരം കറുത്ത നിറത്തിൽ കടുപ്പമേറിയ ചാർണോകൈറ്റ്‌ പാറയാണ്‌. താരതമ്യേന ദുർബലമായ സ്ഥലങ്ങളിൽ തുരങ്കപാതയ്ക്കായി പാറ തുരന്നതിനേക്കാൾ എളുപ്പമാകും ചാർണോകൈറ്റിലെ ജോലിയെന്നാണ്‌ പ്രതീക്ഷ.

കരാർ കമ്പനിയായ ദിലിപ്‌ ബിഡ്‌കോണിന്റെ മേൽനോട്ടത്തിലാണ്‌ സ്ഫോടനങ്ങൾ നടക്കുന്നത്‌. ധൻബാദ്‌ ആസ്ഥാനമായ സിഎസ്‌ഐആർ കമ്പനിയെയാണ്‌ പാറപൊട്ടിക്കാനും തുരക്കാനും ചുമതല. 2134 കോടി രൂപ ചെലവിൽ നിർമിക്കുന്ന തുരങ്കപാത നാലുവർഷത്തിനകം പൂർത്തീകരിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. നിശ്ചിത സമയക്രമത്തിൽ പദ്ധതി പുരോഗമിക്കുന്നുണ്ടെന്ന്‌ പദ്ധതിക്ക്‌ നേതൃത്വം നൽകുന്ന കിഫ്‌ബി എക്സിക്യുട്ടീവ്‌ ഡയറക്ടർ കെ പി പുരുഷോത്തമൻ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home